ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ സോണിയ ഗാന്ധിയും മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാക്പോര്. 12നു സഭ നിർത്തിവച്ചശേഷം സോണിയ പുറത്തേക്കു നടക്കുന്നതിനിടെ, അവർ മാപ്പുപറയണമെന്നു ബിജെപി എംപിമാരായ രവി കിഷനും രമേഷ് ബിദൂരിയും വിളിച്ചുപറഞ്ഞു. തിരിച്ചുനടന്ന സോണിയ ഭരണപക്ഷത്തു മുൻനിരയിലിരുന്ന രമാദേവിയുടെ അടുത്തെത്തി. 

‘അധീർ രഞ്ജൻ ഖേദം പ്രകടിപ്പിച്ചിട്ടും എന്തിനാണ് എന്റെ പേരു പറയുന്നത്’ എന്നാണ് സോണിയ ചോദിച്ചതെന്നു ബിഹാറിൽനിന്നുള്ള എംപിയായ രമാദേവി പിന്നീടു പറഞ്ഞു. അതിനിടെ രണ്ടാം നിരയിൽനിന്നു സ്മൃതി ഇറാനിയും മറ്റൊരു മന്ത്രി ശോഭ കരന്തലാജെയും അവിടേക്കെത്തി. കുതിച്ചുചെന്ന സ്മൃതി ഇറാനി സോണിയയ്ക്കു നേരെ കൈ ചൂണ്ടി ‘ട്രഷറി ബെഞ്ചിൽ വന്ന് ഇതു പറയാൻ എന്താണ് അധികാരം’ എന്നു ചോദിച്ചതായി വി.കെ.ശ്രീകണ്ഠൻ പറയുന്നു. 

ആദ്യം ഗൗനിക്കാതിരുന്ന സോണിയ പിന്നീട് ‘നിങ്ങൾ എന്നോടു സംസാരിക്കരുത്, അതിനു നിങ്ങൾക്കെന്താണ് അധികാരം?’ എന്നു തിരിച്ചുചോദിച്ചു. ക്ഷുഭിതരായി ഇരുവരും നേർക്കുനേർ നിൽക്കുമ്പോൾ നിഷികാന്ത് ദുബെ അടക്കം ചില ബിജെപി എംപിമാരും സോണിയയ്ക്കു നേരെ ശബ്ദമുയർത്തി. ഇരുപക്ഷത്തുനിന്നുമുള്ളവർ രണ്ടുപേരെയും പിന്തിരിപ്പിച്ചു. അതിനുശേഷവും ക്ഷുഭിതയായ സ്മൃതി, സോണിയയെ ചൂണ്ടി മന്ത്രി പ്രഹ്ലാദ് ജോഷിയോട് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. അധീർ രഞ്ജൻ ഇതിനകം തന്നെ മാപ്പു പറഞ്ഞെന്നു തെറ്റിദ്ധരിപ്പിക്കാനാണ് സോണിയ ശ്രമിച്ചതെന്നു മന്ത്രി നിർമല സീതാരാമൻ പിന്നീടു കുറ്റപ്പെടുത്തി. 

English Summary: Sonia Gandhi lashes out at Smriti Irani in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com