ADVERTISEMENT

ന്യൂഡൽഹി∙ പുരപ്പുറ സോളർ സ്ഥാപിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും. പോർട്ടൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനൽഡ് സോളർ ഇൻസ്റ്റലേഷനും തുടരും.

പുരപ്പുറ സോളർ സ്ഥാപിക്കാൻ ഉപയോക്താവിന് ഇഷ്ടമുള്ള കമ്പനിയെ സമീപിക്കാമെന്നു കേന്ദ്രസർക്കാർ മുൻപു വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ കേരളത്തിൽ കെഎസ്ഇബി വഴി പദ്ധതി നടപ്പാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. പുരപ്പുറ സോളർ പദ്ധതിയിൽ സബ്സിഡി തുക കഴിഞ്ഞുള്ള തുകയാണ് എംപാനൽഡ് കമ്പനികൾക്ക് ഇപ്പോൾ നൽകുന്നത്. പുതിയ സ്കീം നിലവിൽ വരുന്നതോടെ പൂർണ തുക നൽകി വ്യക്തിക്ക് ഇഷ്ടമുള്ള കമ്പനിയെ നിയോഗിച്ച് സോളർ സ്ഥാപിക്കാം. 30 ദിവസത്തിനുള്ളിൽ വിതരണ കമ്പനി സബ്സിഡി തുക ബാങ്ക് അക്കൗണ്ടിൽ നൽകണമെന്നാണു പുതിയ വ്യവസ്ഥ. എംപാനൽഡ് രീതിയിലെ സബ്സിഡി നിലവിലുള്ളതുപോലെ തുടരും.

 

റജിസ്ട്രേഷൻ എങ്ങനെ?

∙ ഫോണിൽ കേന്ദ്രസർക്കാരിന്റെ മെസേജിങ് ആപ് ആയ 'സന്ദേശ്' (Sandes) ഇൻസ്റ്റാൾ ചെയ്യുക.

∙ solarrooftop.gov.in എന്ന വെബ്സൈറ്റ് തുറന്ന് Registration for Login എന്ന വിഭാഗത്തിൽ സംസ്ഥാനം, വിതരണ കമ്പനി (കെഎസ്ഇബി), കൺസ്യൂമർ നമ്പർ എന്നിവ നൽകുക. തുടർന്നു മൊബൈൽ നമ്പർ നൽകുമ്പോൾ സന്ദേശ് ആപ്പിൽ ലഭിക്കുന്ന ഒടിപി വരും. ഒടിപിയും ഇമെയിൽ വിലാസവും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.

∙ ഇമെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് സജ്ജമാകും.

 

ആപ്ലിക്കേഷൻ

∙ വീണ്ടും വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിലാസം, സോളർ പദ്ധതിയുടെ ശേഷി എന്നിവ നൽകി അപേക്ഷിക്കാം. ഏറ്റവും ഒടുവിലത്തെ വൈദ്യുതി ബില്ലിന്റെ കോപ്പിയും അപ്‍ലോഡ് ചെയ്യണം. അപേക്ഷ കെഎസ്ഇബിയിലേക്കു തനിയെ കൈമാറും.

 

ഇൻസ്റ്റലേഷൻ

∙ വിതരണ കമ്പനിയുടെ (കെഎസ്ഇബി) സാങ്കേതിക പഠനത്തിനു ശേഷം അംഗീകാരം ലഭിച്ചാൽ മാത്രമേ സോളർ പദ്ധതി സ്ഥാപിക്കാനാവൂ. അംഗീകാരം ലഭിച്ചോയെന്ന് ഇമെയിൽ വഴി അറിയിക്കും.

∙ വിതരണ കമ്പനിയിൽ എംപാനൽ ചെയ്തതോ റജിസ്റ്റർ ചെയ്തതോ ആയ കമ്പനികളിൽനിന്ന് ഇഷ്ടമുള്ളവയെ വിളിച്ച് പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാം. 

ഉയർന്ന ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോക്താവിനു തിരഞ്ഞെടുക്കാം. കമ്പനിയുമായി ഉപയോക്താവ് കരാർ വയ്ക്കണം. 5 വർഷത്തേക്കുള്ള പരിപാലന ചുമതലയും കമ്പനിക്കുണ്ടാവും.

∙ ഇൻസ്റ്റാൾ ചെയ്ത ശേഷം നെറ്റ്–മീറ്ററിങ് നടത്താൻ സൈറ്റിലൂടെ അപേക്ഷ നൽകണം. സോളർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഗ്രിഡുമായി പങ്കുവയ്ക്കുന്നതിനുള്ള മീറ്ററിങ് സംവിധാനമാണ് നെറ്റ് മീറ്ററിങ്.

പുരപ്പുറ സോളർ പദ്ധതിയുടെ ചിത്രം, കമ്പനിയുടെ പേര്, വാട്ടേജ്, സോളർ മൊഡ്യൂളിന്റെ വിവരങ്ങൾ എന്നിവയടക്കം നൽകണം. തുടർന്നു വിതരണ കമ്പനിയിൽനിന്ന് ആൾ വീട്ടിലെത്തി നെറ്റ്–മീറ്ററിങ് പൂർത്തിയാക്കും. കമ്മിഷനിങ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.

 

സബ്സിഡി

∙ ബാങ്ക് വിവരങ്ങൾ, കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി എന്നിവ സബ്സിഡി ലഭിക്കുന്നതിനായി അപ്‍ലോഡ് ചെയ്യുന്ന മുറയ്ക്ക് കേന്ദ്ര സബ്സിഡി അക്കൗണ്ടിലേക്കു വരും.

 

English Summary: National portal for rooftop solar project  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com