ADVERTISEMENT

ന്യൂഡൽഹി ∙ യോഗ്യതയും പരിചയസമ്പത്തും പരിഗണിച്ചു മാന്യമായ ശമ്പളം, കുഞ്ഞുങ്ങളെ പരിപാലിക്കാൻ‌ ആശുപത്രികളിൽ ശിശുപരിപാലന കേന്ദ്രം (ക്രഷ്) തുടങ്ങി രാജ്യത്തെ നഴ്സുമാരുടെ തൊഴി‍ൽ സാഹചര്യം മെച്ചപ്പെടുത്തുന്ന കരടു മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും രേഖ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 നുള്ളിൽ അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം ഇത് അന്തിമമാക്കും. നിർദേശങ്ങൾ അയയ്ക്കേണ്ട വിലാസം: mohfw@gov.in

പ്രധാന നിർദേശങ്ങൾ:

∙ അടിയന്തര സാഹചര്യമില്ലെങ്കിൽ ജോലി സമയം ആഴ്ചയിൽ 40 മണിക്കൂറിലും ദിവസം 8 മണിക്കൂറിലും കൂടരുത്. അടിയന്തര സാഹചര്യങ്ങളിൽ അധിക ജോലി ചെയ്യുന്നവർക്ക് പകരം ഓഫ് നൽകണം.

∙ ഷിഫ്റ്റും ജോലി സമയവും നഴ്സുമാരുടെ സൗകര്യം കൂടി പരിഗണിച്ചാകണം. സമയ ക്രമീകരണം മുൻകൂർ അറിയിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം. 

∙ തിരക്കുള്ള സ്ഥലങ്ങളിൽ തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് തിരക്കു കുറഞ്ഞ ഇടങ്ങളിലും അവസരം നൽകണം.

∙ പുതുതായി ചേരുന്നവർക്ക് സീനിയർ നഴ്സുമാരുടെ കീഴിൽ ഒരുമാസത്തെ പരിശീലനം ഉറപ്പാക്കണം.

∙ ശമ്പളത്തോടു കൂടിയ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നൽകണം. വാർഷിക ആരോഗ്യപരിശോധന, പ്രതിരോധ കുത്തിവയ്പ്, ജോലി ചെയ്യുന്ന ആശുപത്രികളിൽ തന്നെ ചികിത്സ എന്നിവ ഉറപ്പാക്കണം.

∙ ശുചിമുറി, വിശ്രമമുറി എന്നിവ നിർബന്ധം. വസ്ത്രം മാറുന്നതിനു പ്രത്യേക മുറി വേണം. കുടിവെള്ളം, പാൻട്രി സൗകര്യം, ലോക്കറുകൾ, വൃത്തിയുള്ള യൂണിഫോം എന്നിവയും ലഭ്യമാക്കണം. പിപിഇ കിറ്റുകൾ സൗജന്യമായി നൽകണം.

∙ സാധ്യമെങ്കിൽ ആശുപത്രി പരിസരത്തോ അടുത്തോ താമസസൗകര്യം നൽകണം. 

∙ തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം. 

∙ ഉയർന്ന വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും തുല്യാവസരം നൽകണം. യോഗ, കൗൺസലിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.

English Summary: Health ministry guidlines announced for special care of nurses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com