ജസ്റ്റിസ് യു.യു. ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

HIGHLIGHTS
  • ചീഫ് ജസ്റ്റിസ് എൻ.വി. രമണ ശുപാർശ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു
Justice U.U. Lalit
ജസ്റ്റിസ് യു.യു. ലളിത്
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിതിനെ നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ശുപാർശ ചെയ്തു. പിൻഗാമിയുടെ പേരു വ്യക്തമാക്കിയ കത്ത് അദ്ദേഹം കേന്ദ്ര സർക്കാരിനു കൈമാറി. 26നു ജസ്റ്റിസ് രമണ വിരമിക്കും. 

ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ 27നു ഇന്ത്യയുടെ 49–ാം ചീഫ് ജസ്റ്റിസായി ലളിത് ചുമതലയേൽക്കും. നവംബർ 8നു വിരമിക്കുന്ന അദ്ദേഹത്തിനു പദവിയിൽ ചുരുങ്ങിയ കാലമേ ലഭിക്കൂ. ശേഷം, സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡായിരിക്കും ചീഫ് ജസ്റ്റിസ്. 

ചരിത്രപ്രാധാന്യമുള്ള അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റിസ് ലളിത് പിന്മാറിയതു നേരത്തേ വലിയ വാർത്തയായിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസിൽ ഹാജരായി എന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ലളിതിന്റെ പിന്മാറ്റം. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നു വ്യക്തമാക്കിയതുൾപ്പെടെ സുപ്രധാന വിധി പറഞ്ഞ ബെഞ്ചുകളിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. 

അഭിഭാഷകവൃത്തിയിൽനിന്നു നേരിട്ട്

അഭിഭാഷകവൃത്തിയിൽനിന്നു നേരിട്ടു സുപ്രീം കോടതി ജഡ്ജിയും പിന്നീടു ചീഫ് ജസ്റ്റിസുമാകുന്ന രണ്ടാമത്തെയാളാകും ജസ്റ്റിസ് ലളിത്. 1971–ൽ ചീഫ് ജസ്റ്റിസായ എസ്. എം. സിക്രിയാണ് ആദ്യത്തെയാൾ. 1957 നവംബർ 9നു മഹാരാഷ്ട്രയിൽ ജനിച്ചു. 1983 ൽ ബോംബെ ഹൈക്കോടതിയിൽ പ്രാക്ടിസ് ആരംഭിച്ചു. 1986 മുതൽ ഡൽഹിയിൽ. മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിക്കൊപ്പം 1992 വരെ പ്രവർത്തിച്ചു. 2004ൽ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകനായി. 2014-ൽ സുപ്രീം കോടതി ജഡ്ജിയായി. ലളിതിന്റെ പിതാവ് ജസ്റ്റിസ് യു.ആർ. ലളിത് മുതിർന്ന അഭിഭാഷകനും പിന്നീട് ഡൽഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു. 

English Summary: Justice U.U. Lalit to be next supreme court chief justice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}