ADVERTISEMENT

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകിയാൽ പ്രോവിഡന്റ് ഫണ്ടിന്റെ സഞ്ചിത നിധി ഇല്ലാതാകുമെന്ന വാദത്തെ കണക്കുകൾ നിരത്തി എതിർത്ത് പെൻഷൻകാർ. പിഎഫ് പെൻഷൻ കേസിലെ വാദത്തിനിടെ, പെൻഷൻകാർക്കു വേണ്ടി ഹാജരായ കെപി. കൈലാസനാഥ പിള്ളയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) തന്നെ കണക്കുപ്രകാരം, 2018–19ൽ സഞ്ചിതനിധി 73% വർധിച്ചു. തൊട്ടടുത്ത വർഷം ഇതു 92% വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫണ്ടിന്റെ പലിശയിൽനിന്നാണ് പെൻഷൻ നൽകുന്നത്. ഇതു തന്നെ പകുതി പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. പ്രോവിഡന്റ് ഫണ്ടിൽ 52,000 കോടി രൂപ ക്ലെയിം ചെയ്യാതെ കിടക്കുന്നുമുണ്ട്. ഉയർന്ന പെൻഷൻ നൽകിയാൽ അതു 16 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും പെൻഷൻ പദ്ധതി തന്നെ നിലച്ചുപോകുമെന്നുമാണു കേന്ദ്ര സർക്കാരും ഇപിഎഫ്ഒയും ആവർത്തിച്ചു വാദിക്കുന്നത്. 2019–20 വർഷം വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്ന ഇപിഎഫ്ഒ സർക്കുലറുകളാണു കോടതിയിൽ ഹാജരാക്കിയത്. ശേഷിക്കുന്ന കണക്ക് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോടും ഇപിഎഫ്ഒയോടും ജസ്റ്റിസ് യു.യു.ലളിത്, അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ച് വീണ്ടും നിർദേശിച്ചു.

പെൻഷൻ പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും കൂടുതൽ അംഗങ്ങൾ ചേരണമെന്നു ആവശ്യപ്പെട്ടും സർക്കാർ 1996ൽ നൽകിയ പരസ്യത്തിന്റെ പകർപ്പും കൈലാസനാഥ പിള്ള കോടതിയിൽ ഹാജരാക്കി. ഹർജിക്കാർക്കു വേണ്ടി നിഷേ രാജൻ ശങ്കർ, സി.കെ.ശശി, റോയ് ഏബ്രഹാം, മനോജ് വി.ജോർജ് തുടങ്ങിയവരും ഹാജരാകുന്നുണ്ട്.

60ൽപരം കക്ഷികളുള്ള കേസിൽ വാദം തീർക്കാൻ വീണ്ടും 2 ദിവസം കൂടി വേണ്ടിവരുമെന്നു കോടതിതന്നെ വിലയിരുത്തിയെങ്കിലും ഇന്നു കൂടിയേ സമയം നൽകാനാകൂവെന്നു ജസ്റ്റിസ് ലളിത് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2നു വാദം ആരംഭിക്കും. 12ന് സർക്കാരിനും ഇപിഎഫ്ഒയ്ക്കും മറുപടി നൽകാൻ അവസരം നൽകും. ശേഷം കേസ് വിധി പറയാൻ മാറ്റുമെന്നാണു വിവരം.

കേരള ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാകും തൽക്കാലം വിധി പറയുക. മറ്റു വിഷയങ്ങൾ പിന്നീടു പരിഗണിക്കും. പിഎഫ് പെൻഷൻ കേസിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ബെഞ്ചാണ് കേസ് കേൾക്കുന്നത്. ഇതിന്റെ ഭാഗമായ ജസ്റ്റിസ് അനിരുദ്ധ ബോസിനു മറ്റു കേസുകളുടെ തിരക്കുള്ളതിനാലാണ് മറുപടിക്കുള്ള സമയം ഒരാഴ്ച കൂടി വൈകുന്നത്. വധശിക്ഷ കുറവു ചെയ്യുന്നതുൾപ്പെടെ മറ്റു ഹർജികൾ കേൾക്കേണ്ട തിരക്ക് ജസ്റ്റിസ് ലളിതും ചൂണ്ടിക്കാട്ടി.

പെൻഷൻകാരുടെ മറ്റു പ്രധാന വാദങ്ങൾ

∙ ഉയർന്ന പെൻഷൻ അനുവദിക്കുന്നതിനെതിരെ സർക്കാർ കോടതിയിൽ അവതരിപ്പിച്ച കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണ്.

∙ പ്രോവിഡന്റ് ഫണ്ടിലോ പെൻഷൻ പദ്ധതിയിലോ ഏതിലായാലും രണ്ടും നിക്ഷേപം തന്നെയാണ്. ഇതിൽ ബുക്ക് അഡ്ജസ്റ്റ്മെന്റ് മാത്രമാണുള്ളത്. അതുകൊണ്ട്, പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന വിഹിതം നൽകിയിരുന്നവരെ പെൻഷൻ പദ്ധതിയിൽ ഉയർന്ന വിഹിതത്തിന്റെ ഭാഗമാക്കുന്നതിനു തടസ്സമില്ല.

∙ പെൻഷന് ആശ്രയിക്കുന്ന ശമ്പളം, അവസാനത്തെ 12 മാസത്തിനുപകരം 60 മാസത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കാനുള്ള തീരുമാനം മുൻകാല പ്രാബല്യത്തോടെ ചെയ്യാനാകില്ല. അങ്ങനെ ചെയ്താൽ നടപടി പദ്ധതിയിലെ അംഗങ്ങളുടെ അവകാശലംഘനമാകും. പദ്ധതിയുടെ ഭാഗമാകുമ്പോഴു തുടരുമ്പോഴും വിരമിക്കുമ്പോഴും സ്കീം എന്താണോ അതനുസരിച്ചാണ് പെൻഷൻ കണക്കാക്കേണ്ടത്.

കണക്കിൽ പതറി വാദിയും പ്രതിയും

പിഎഫ് പെൻഷൻ കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് സാങ്കൽപികമായി ചോദിച്ച കണക്കുകൾക്കു വ്യക്തമായി മറുപടി നൽകാൻ കക്ഷികൾക്കു കഴിഞ്ഞില്ല. ജയന്ത് മുത്തുരാജ് വാദിക്കുന്നതിനിടെ, എല്ലാവരും കണക്കിൽ വളരെ പിന്നിലാണല്ലോയെന്ന കമന്റും ജസ്റ്റിസ് ലളിത് പാസാക്കി. സാങ്കേതിക കാര്യങ്ങളും കണക്കുകളും കൂടിക്കുഴഞ്ഞ കേസിലെ വാദം കോടതിയെയും ചില നേരങ്ങളിൽ ആശയക്കുഴപ്പത്തിലാക്കി.

Content Highlights: Pension, Employees Provident Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com