ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധവും ഡിഎംകെ–ഇടത് അംഗങ്ങളുടെ ഇറങ്ങിപ്പോക്കും ഇന്നലെയും ലോക്സഭയുടെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചു. ചോദ്യോത്തരവേളയിൽ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

മുൻ അംഗം ഭീം പ്രസാദ് ധഹലിന്റെ നിര്യാണത്തിലും ഹിരോഷിമ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും സഭ ആദരമർപ്പിച്ചു. തൊട്ടുപിന്നാലെ കോൺഗ്രസ് അംഗങ്ങൾ ഇഡി രാജിനെതിരെയും വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുന്നയിച്ചും മുദ്രാവാക്യം വിളിച്ചു. തുടർന്ന് സ്പീക്കർ ഓം ബിർല 12 വരെ സഭ നിർത്തി. 12ന് കോൺഗ്രസ് അംഗങ്ങളുടെ അഭാവത്തിൽ ഡിഎംകെ അംഗങ്ങൾ പ്രധാന വിഷയത്തെക്കുറിച്ചു ചർച്ച നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ചെയറിലുണ്ടായിരുന്ന കിരിത് സോളങ്കി വിഷയം അനുവദിക്കാതിരുന്നതിനാൽ ഇറങ്ങിപ്പോവുകയാണെന്ന് ഡിഎംകെ നേതാവ് ടി.ആർ. ബാലു പ്രഖ്യാപിച്ചു. സഭയിലുണ്ടായിരുന്ന ഇടത് അംഗങ്ങളും ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു.

ന്യൂഡൽഹി ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിന്റെ പേര് ഇന്ത്യ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്റർ എന്നാക്കുന്നതിനുള്ള ഭേദഗതി ബിൽ മന്ത്രി കിരൺ റിജിജുവും കോംപറ്റീഷൻ കമ്മിഷൻ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനുള്ള കോംപറ്റീഷൻ ഭേദഗതി ബിൽ റാവു ഇന്ദർജിത് സിങ്ങും അവതരിപ്പിച്ചു.

ഉച്ചയ്ക്കു ശേഷം സഭ ചേർന്നപ്പോഴും എൻസിപിയും തൃണമൂൽ കോൺഗ്രസും ഒഴികെയുളള പ്രതിപക്ഷാംഗങ്ങൾ ഹാജരായില്ല. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഊർജ സംരക്ഷണ ബിൽ സംബന്ധിച്ചു സഭ ചർച്ച ചെയ്തെങ്കിലും പൂർത്തിയായില്ല. ഇതു മറ്റൊരു ദിവസം ചർച്ചയ്ക്കെടുക്കും. ഹരിതോർജ ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഇന്ത്യ ലോകത്തിനു മാതൃകയാണെന്ന് മന്ത്രി ആർ.കെ.സിങ് പറഞ്ഞു.

English Summary: Protest in loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com