ADVERTISEMENT

പട്ന ∙ കേന്ദ്രമന്ത്രിസഭയിൽ വീണ്ടും ചേരില്ലെന്ന് ജനതാദൾ–യുണൈറ്റഡ് (ജെഡിയു) പ്രഖ്യാപിച്ചു. പാർട്ടിയുമായി ഇടഞ്ഞ്, രാജ്യസഭാംഗത്വം നിഷേധിക്കപ്പെട്ടതോടെ പാർട്ടിയുടെ ഏക പ്രതിനിധിയായ ആർസിപി സിങ് മന്ത്രിസഭയിൽ നിന്ന് പുറത്തായിരുന്നു. ഈ ഒഴിവ് നികത്തേണ്ടതില്ലെന്നാണു തീരുമാനമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് ലലൻ സിങ് അറിയിച്ചു.

അതേസമയം ബിജെപിയുമായി നല്ല ബന്ധമാണു പാർട്ടിക്കുള്ളതെന്ന് ദേശീയ പ്രസിഡന്റ് അവകാശപ്പെട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കു പാർട്ടി വോട്ടു ചെയ്തത് ഇതിനു തെളിവാണ്. ബന്ധം മോശമായി എന്ന വാർത്തകൾ അദ്ദേഹം തള്ളി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും ലലൻ സിങ് പറഞ്ഞു.

കോവിഡ് അനുബന്ധ ബുദ്ധിമുട്ടുകൾ കാരണമാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം മറ്റു ചില യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.

കേന്ദ്രമന്ത്രിസഭയിൽ ചേരേണ്ടതില്ലെന്നാണ് 2019 തിരഞ്ഞെടുപ്പിനുശേഷം നിതീഷ് കുമാർ തീരുമാനിച്ചതെന്നും ആ നയത്തിൽ മാറ്റമില്ലെന്നുമാണു ലലൻ സിങ് പറഞ്ഞത്. 2021ൽ ആർസിപി സിങ് മന്ത്രിയായല്ലോ എന്ന ചോദ്യത്തിന് അന്ന് ദേശീയ പ്രസിഡന്റ് ആയിരുന്ന സിങ് ആരോടും ചർച്ച ചെയ്യാതെയാണു തീരുമാനമെടുത്തതെന്നു ലലൻ സിങ് വ്യക്തമാക്കി, ‘അദ്ദേഹം കഴിഞ്ഞദിവസമാണ് പാർട്ടി വിട്ടത്, പക്ഷേ നേരത്തെ തന്നെ അദ്ദേഹം മനസ്സുകൊണ്ട് പാർട്ടിക്കു പുറത്തായിരുന്നു’

ശനിയാഴ്ചയാണ് അഴിമതി ആരോപണങ്ങളിൽ വിശദീകരണം ചോദിച്ചതിനു പിന്നാലെ ആർസിപി സിങ് പാർട്ടി വിട്ടത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും നിതീഷിന്റെ വിശ്വസ്തനുമായ ആർസിപി സിങ്ങിനെ 2020ലാണ് പാർട്ടി ദേശീയ അധ്യക്ഷനാക്കിയത്.

 

English Summary: JD(U) not to join Union council of ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com