നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടേക്കും; ഇന്ന് നിർണായക യോഗം

HIGHLIGHTS
  • മന്ത്രിസഭയുണ്ടാക്കാൻ നിതീഷിന് പിന്തുണ വാഗ്ദാനം ചെയ്ത് ആർജെഡി, ഇടതുപാർട്ടികൾ
Nitish Kumar
നിതീഷ് കുമാർ
SHARE

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി സഖ്യം ഉപേക്ഷിക്കാൻ തയാറെടുക്കുന്നതായി സൂചന. ഇതോടെ രാഷ്ട്രീയ അഭ്യൂഹങ്ങളുടെ വേലിയേറ്റത്തിൽ ബിഹാർ രാഷ്ട്രീയം ചൂടുപിടിച്ചു. സഖ്യം വിട്ടുവന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദളും (ആർജെഡി) ഇടതുപക്ഷവും വ്യക്തമാക്കി. ഇന്ന് ചേരുന്ന ജനതാദൾ– യുണൈറ്റഡ് (ജെഡി–യു) നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും യോഗത്തിലേക്കാണ് എല്ലാ ശ്രദ്ധയും. 

2 തവണ ബിജെപി സഖ്യത്തിലേക്കും തിരിച്ചും പോയി ചരിത്രമുള്ള നിതീഷിന്റെ നീക്കം ജാഗ്രതയോടെ വീക്ഷിക്കുകയാണ് പാർട്ടികൾ. കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും ചേരേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ജെഡി–യു ദേശീയ അധ്യക്ഷൻ ലലൻ സിങ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാർട്ടി അധ്യക്ഷനായിരുന്ന ആർസിപി സിങ്ങിന് രാജ്യസഭാംഗത്വം പുതുക്കി നൽകാതെ മന്ത്രിസഭയിൽ നിന്ന് പാർട്ടി പുറത്തെത്തിച്ചിരുന്നു. അഴിമതിയുടെ കാര്യത്തിൽ വിശദീകരണം ചോദിച്ചതോടെ ആർസിപി സിങ് ശനിയാഴ്ച പാർട്ടി വിട്ടു. ഈ വിഷയം ചർച്ച ചെയ്യാനാണ് ഇന്നു യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 

അടുത്തിടെ ചില സുപ്രധാന വിട്ടുനിൽക്കലിലൂടെയാണ് നിതീഷ് രാഷ്ട്രീയം വ്യക്തമാക്കിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങിലും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽ നിന്നും വിട്ടുനിന്നു. കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണ് വിട്ടുനിൽക്കാൻ കാരണമെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിക്കുന്നു. എന്നാൽ ഇതേ ദിവസങ്ങളിൽ മറ്റു യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തെ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. 

സോണിയ ഗാന്ധിയുമായി നിതീഷ് ഫോണിൽ ചർച്ച നടത്തിയെന്ന വാർത്ത കോൺഗ്രസ് സ്ഥിരീകരിച്ചില്ല. അസാധാരണ സ്ഥിതിവിശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളതെന്ന് ആർജെഡി ദേശീയ ഉപാധ്യക്ഷൻ ശിവാനന്ദ തിവാരി പറഞ്ഞു. ബിജെപി വിരുദ്ധ പോരാട്ടത്തിനായി ജെഡി–യുവിനെ അദ്ദേഹം ക്ഷണിച്ചു. ബിജെപി സഖ്യം വിട്ടുവന്നാൽ സർക്കാരു‍ണ്ടാക്കിയാൽ പാർട്ടി പിന്തുണ നൽകുമെന്ന് സിപിഐ (എംഎൽ–ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം നീലോൽപൽ ബസുവും വാർത്തയെ സ്വാഗതം ചെയ്തു. സിപിഐ (എംഎൽ–ലിബറേഷൻ) 12, സിപിഐ–2, സിപിഎം–2 അംഗങ്ങളാണ് ബിഹാർ നിയമസഭയിൽ ഇടതുപക്ഷത്തിനുള്ളത്. 

സഖ്യം വിട്ടാൽ ആർജെഡി സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ജെഡിയുവിന് കഴിയും. ആർജെഡി സഖ്യം–110, എൻഡിഎ സഖ്യം 125 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർജെഡി–75, ബിജെപി–74, ജെഡി–യു–43, ഇടതുപക്ഷം– 16 എന്നിങ്ങനെയായിരുന്നു വിജയം. എന്നാൽ വികാശീൽ ഇൻസാഫ് പാർട്ടിയിലെ 3 അംഗങ്ങൾ മാർച്ചിൽ ബിജെപിയിൽ ചേർന്നതോടെ നിലവിൽ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. 

മഹാരാഷ്ട്ര മോഡൽ?

ബിഹാറിലും ‘മഹാരാഷ്ട്ര മോഡൽ’ അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ നിതീഷിന് മുന്നറിയിപ്പ് നൽകുന്നു. ജെഡി–യു മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ആർസിപി സിങ്ങിനെ മുൻനിർത്തിയാണ് നീക്കമെന്നും ബിജെപിയെ വിശ്വസിക്കരുതെന്നും ഇവർ പറയുന്നു. അതേസമയം, സംസ്ഥാന ബിജെപി നേതൃത്വം നിശ്ശബ്ദത പാലിക്കുകയാണ്. ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉണ്ടായിരുന്ന കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ബിജെപിയെ നിതീഷ് വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് സൂചന. 

Englsih Summary: Skipped PM Modi-led key event, Nitish now calls meeting of JD(U) MPs, MLAs on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}