പാളിയത് സഖ്യകക്ഷിയെ വിഴുങ്ങുന്ന ബിജെപി തന്ത്രം; ദേശീയ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും

nitish-kumar-and-narendra-modi
നിതീഷ് കുമാർ നരേന്ദ്ര മോദിക്കൊപ്പം (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ 5 വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് സ്വന്തം സർ‍ക്കാരിനെ താഴെയിറക്കി പുതിയ സഖ്യത്തിന്റെ പട്ടികയുമായി നിതീഷ് കുമാർ പട്നയിലെ രാജ്ഭവനിലേക്കു പോകുന്നത്. ബിഹാറിൽ 2017 ൽ ബിജെപിയെ നിതീഷ് ഭരണപക്ഷത്തേക്കു കൊണ്ടുവന്നു, ഇന്നലെ അവരെ പ്രതിപക്ഷത്താക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞ ബിജെപിക്ക് എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷി വിട്ടുപോകുന്നത് തിരിച്ചടിയാണ്. 

ബിഹാറിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസം അവസാനവാരത്തിൽ ബിജെപി തീരുമാനിച്ചിരുന്നു. സഖ്യകക്ഷിയെ വിഴുങ്ങി കൂടുതൽ‍ ശക്തിപ്പെടുകയെന്ന തന്ത്രം ബിഹാറിലും ആവർത്തിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.  

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ചശേഷമാണ് നിതീഷ് പഴയ കൂട്ടുകെട്ടു പുതുക്കാൻ തീരുമാനിച്ചത്. ബിഹാറിലെ പുതിയ സാഹചര്യം ദേശീയമായി പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ സ്വാധീനിക്കുമെന്നതിന്റെ സൂചനകൂടിയാണിത്. പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിതീഷിന്റെ മോഹം കോൺഗ്രസിന് എത്രകണ്ടു സ്വീകാര്യമാകുമെന്നു വ്യക്തമാകാൻ സമയമെടുക്കും.

ഭരണസഖ്യമായിരിക്കുമ്പോഴും തങ്ങളാണ് വലിയ കക്ഷിയെന്നതിന്റെ ഗർവോടെയാണ് ബിജെപി നിതീഷിനോടു പെരുമാറിയത്. അതുകൊണ്ടുതന്നെ പല വിഷയങ്ങളിലും നിതീഷും ബിജെപിയുമായി ഏറക്കുറെ പരസ്യമായിത്തന്നെ ഉടക്കി. പിന്നാക്കാവസ്ഥ പരിഗണിച്ച് ബിഹാറിന് പ്രത്യേക പദവി വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടു, ബിജെപി വിയോജിച്ചു. ജാതി സെൻസസ് വേണമെന്ന് നിതീഷ് പറഞ്ഞപ്പോൾ‍ ബിജെപി എതിർത്തു, നിതീഷ് ജാതി സെൻസസ് പ്രഖ്യാപിച്ചു. കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുംമുൻപ് തന്നോട് ആലോചിക്കാതിരുന്നതിനെ നിതീഷ് വിമർശിച്ചു.  

കഴിഞ്ഞ മാർച്ചിൽ ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ സമീപനരീതിയെ നിതീഷ് നിയമസഭയിൽ ചോദ്യം ചെയ്തു. സ്പീക്കറെ മാറ്റാൻ ബിജെപിയോട് ആവശ്യപ്പെട്ടു, പ്രയോജനമുണ്ടായില്ല. നിയമസഭയുടെ ശതാബ്ദി ആഘോഷത്തിനുള്ള ക്ഷണക്കത്തിൽ നിതീഷിന്റെ പേരുൾപ്പെടുത്താതിരുന്ന സ്പീക്കറുടെ നടപടിയും ഉടക്കാൻതന്നെയാണ് ബിജെപി താൽപര്യപ്പെടുന്നത് എന്നതിന്റെ സൂചനയായിരുന്നു. ദേശീയ പതാകയെ സംബന്ധിച്ച ‘ഫ്ലാഗ് കോഡ്’ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗം, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ബഹുമാനാർഥം പ്രധാനമന്ത്രി നൽകിയ അത്താഴ വിരുന്ന്, പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതി‍ജ്ഞാ ചടങ്ങ്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് സമ്മേളനം –ഇങ്ങനെ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ  നടന്ന നാലു പ്രധാന പരിപാടികളിൽ പങ്കെടുക്കാതെയാണ് നിതീഷ് നീരസം വ്യക്തമാക്കിയത്. 

അടുത്ത ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ‍ ജെഡിയുവുമായി സഖ്യത്തിലാവും മത്സരിക്കുകയെന്ന് അമിത് ഷാ അടുത്തിടെ നടത്തിയ പ്രസ്താവന നിതീഷിനെ സന്തോഷിപ്പിച്ചില്ല. നിതീഷ് വിട്ടുപോകുന്നു എന്ന് വ്യക്തമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒത്തുതീർപ്പു നീക്കങ്ങളും ഉണ്ടായില്ല.  നിതീഷിന്റെ ജെഡിയുവിന്റെ ശക്തിയായ അതിപിന്നാക്ക വിഭാഗ വോട്ടുകൾ ബിജെപിക്കു ഗുണം ചെയ്തിരുന്നു. 2019 ൽ ലോക്സഭയിലേക്ക് സംസ്ഥാനത്തെ 40 സീറ്റിൽ 39 എണ്ണത്തിലും എൻഡിഎ വിജയിക്കുന്നതിന് പല മണ്ഡലങ്ങളിലും ദലിത്, അതിപിന്നാക്ക വോട്ടുകൾ നിർണായകമായി. യാദവ, മു‌സ്​ലിം വോട്ടുകളുടെ പിന്തുണ നിലവിൽ മഹാസഖ്യത്തിനാണ്. അതിനാൽ നിതീഷിന്റെ തീരുമാനം ബിജെപിയെ ആശങ്കയില്ലാക്കും. 

ആർജെഡിക്കും നേതാവ് തേജസ്വി യാദവിനും ഇപ്പോൾ ദേശീയ ലക്ഷ്യങ്ങളില്ല. കഴിഞ്ഞ ജൂണിൽ രാഷ്ട്രപതി സ്ഥാനാർഥിയായി നിതീഷിന്റെ പേര് ഉയർന്നുവന്നപ്പോൾ അതിനുള്ള സാധ്യത അദ്ദേഹംതന്നെ നിഷേധിച്ചു; പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പേരു വന്നാൽ നിഷേധിക്കില്ലെന്നതു വ്യക്തമാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാനുള്ള ബിജെപിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് 2013 ൽ നിതീഷ് എൻഡിഎയിൽ നിന്നു മാറിയത്. ബിജെപിയുമായി സഖ്യത്തിലായിരിക്കുമ്പോഴും പല സുപ്രധാന കാര്യങ്ങളിലും അവരോട് യോജിച്ചില്ലെന്നതും നിതീഷിന് എടുത്തുപറയാം.

English Summary: BJP strategy to split JDU failed in Nitish Kumar's unexpected move

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}