ചെന്നൈ ∙ ഇന്ത്യയുടെ കടുത്ത എതിർപ്പിനെ തള്ളി ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ കൊളംബോ തീരത്തേക്ക് അതിവേഗം അടുക്കുന്നു. ലങ്കയിൽ ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഹംബൻതോട്ട തുറമുഖത്ത് ഇന്ധനം നിറയ്ക്കാനായി കപ്പൽ എത്തുന്നുവെന്നാണ് അറിയിപ്പ്. എന്നാൽ, രഹസ്യങ്ങൾ ചോർത്തിയേക്കുമെന്ന ആശങ്കയിൽ ഇതു വിലക്കണമെന്ന് ഇന്ത്യ ലങ്കയ്ക്കുമേൽ സമ്മർദം ചെലുത്തി. തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്നു ലങ്ക അഭ്യർഥിച്ചെങ്കിലും ചൈന തള്ളുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30നു ഹംബൻതോട്ട തുറമുഖത്ത് എത്തിയേക്കും. അതേ സമയം, കപ്പൽ അവിടെ നങ്കൂരമിട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ ആശങ്ക. 750 കിലോമീറ്റർ ആകാശദൂരത്തുള്ള ഉപഗ്രഹ സിഗ്നലുകൾ അടക്കം ചോർത്താൻ കഴിയുമെന്നതിനാൽ കൽപാക്കം, കൂടംകുളം ആണവ നിലയങ്ങളും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രവും കപ്പലിന്റെ ചാര വലയത്തിനുള്ളിലാവും.
English Summary: China ship towards Srilanka