വിഭജന ഓർമദിനവുമായി ബിജെപി; മുതലെടുപ്പു ശ്രമമെന്ന് കോൺഗ്രസ്

Narendra Modi (Photo - PIB)
നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഇന്ത്യ– പാക്ക് വിഭജന ഭീതിയുടെ ഓർമദിനം’ ഏറ്റെടുത്ത് ബിജെപി. ജന്തർ മന്തറിൽ നിശ്ശബ്ദ മാർച്ച് നടത്തിയ പാർട്ടി ദേശീയ നേതൃത്വം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരിപാടി നടത്തി. വിഭജനകാലത്തു ജീവൻ നഷ്ടപ്പെട്ടവർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി നേതാക്കളും ആദരമർപ്പിച്ചു. ഇതിനിടെ, ക്ലേശകരമായ ആ നാളുകളെ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാ‍ൻ ഉപയോഗിക്കുകയാണെന്ന ആരോപണമുയർത്തി കോൺഗ്രസ് രംഗത്തെത്തി.

ആ ദുരിതകാലത്തെ മനോധൈര്യത്തോടെ നേരിട്ടവർക്ക് ആദരമർപ്പിക്കുന്നുവെന്നായിരുന്നു മോദിയുടെ പ്രതികരണം. മനുഷ്യത്വരഹിതമായ ആ അധ്യായം ഒരിക്കലും മായില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിഭജനത്തിന്റെ സ്മരണദിനം സർക്കാർ പ്രഖ്യാപിച്ചത്. വ്യക്തിതാൽപര്യവും രാഷ്ട്രീയ സ്വാർഥതയും എങ്ങനെയാണ് വിഭജനത്തിലേക്കും വേദനയിലേക്കും നയിച്ചതെന്ന കാര്യം നാമൊരിക്കലും മറക്കരുതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു.

വിഭജനത്തിന്റെ വേദനയെ രാഷ്ട്രീയ ഇന്ധനമാക്കാനുള്ള മോദിയുടെ ശ്രമമാണിതെന്നു കോൺഗ്രസ് വിമർശിച്ചു. ആ ഓർമകളെ വിദ്വേഷത്തിനായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി ചെയ്യുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

ആരാണ് ഉത്തരവാദി?

ഇന്ത്യ – പാക്ക് വിഭജനത്തിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിനെ പഴിച്ച് ബിജെപി. വിഭജനത്തെക്കുറിച്ചുള്ള ബിജെപി വ്യാഖ്യാനം ഉള്ളടക്കം ചെയ്ത 7 മിനിറ്റ് വിഡിയോയും ഇന്നലെ പാർട്ടിയുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. ജിന്നയുടെയും മുസ്‍ലിം ലീഗിന്റെയും ആവശ്യങ്ങൾ നെഹ്റു അതേപടി അംഗീകരിച്ചുവെന്നു വ്യാഖ്യാനിച്ച് ഇരുവരുടെയും വിഡിയോ ദൃശ്യങ്ങൾ നൽകിയിട്ടുണ്ട്. പിന്നാലെ, ബിജെപി മുതലപ്പെടുപ്പിനു ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ കോൺഗ്രസ് പ്രതികരണവുമായി രംഗത്തു വന്നു. രണ്ടു രാജ്യം എന്ന സിദ്ധാന്തം സവർക്കർ മുന്നോട്ടുവയ്ക്കുകയും ജിന്ന നടപ്പാക്കുകയും ചെയ്തുവെന്നതാണു സത്യമെന്നു ജയ്റാം രമേശ് പറഞ്ഞു.

വിഭജനം നമ്മൾ അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യ പലതായി ചിതറുമായിരുന്നുവെന്നും എല്ലാം നശിച്ചേനെയെന്നും സർദാർ പട്ടേൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, സവർക്കറാണ് 2 രാജ്യം എന്ന ആശയം മുന്നോട്ടുവച്ചതെന്ന ആരോപണം ബിജെപി തള്ളി; സവർക്കർ ജനിക്കും മുൻപേ ഈ ആശയം ഉണ്ടെന്നും അദ്ദേഹം വിഭജനത്തിന് എതിരായിരുന്നുവെന്നും ബിജെപി വാദിച്ചു.

English Summary: Political row over Partition Horrors Remembrance day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}