ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചപ്രമാണങ്ങളിൽ (5 തീരുമാനങ്ങൾ) അധിഷ്ഠിതമായിരിക്കണം അടുത്ത 25 വർഷത്തെ ഇന്ത്യയുടെ കുതിപ്പെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസിത ഇന്ത്യ സാധ്യമാക്കുക, സാമ്രാജ്യത്വ – അടിമത്ത മനോഭാവം തുടച്ചുനീക്കുക, പാരമ്പര്യത്തിൽ അഭിമാനിക്കുക, ഐക്യത്തിലൂടെ കരുത്തു നേടുക, അവകാശങ്ങൾക്കൊപ്പം സത്യസന്ധതയോടെ കടമകളും നിറവേറ്റുക എന്നിവയാണവ.

ലോകം നൽകുന്ന സർട്ടിഫിക്കറ്റിലൂടെയല്ല, ഇന്ത്യ സ്വന്തം നിലവാരം സ്വയം തീരുമാനിക്കണം. പുതിയ ദേശീയ വിദ്യാഭ്യാസ നയം അതിലേക്കുള്ള ചവിട്ടുപടിയാണ്. സ്ത്രീകളെ അപമാനിക്കുകയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എല്ലാ പെരുമാറ്റങ്ങളും ഇല്ലാതാക്കാൻ പ്രതിജ്ഞയെടുക്കണം. സ്ത്രീശക്തി പോലെ പ്രധാനമാണ് യുവശക്തിയും. അവരിലൂടെ സാങ്കേതികവിദ്യയുടെ കരുത്തിൽ വികസനം സാധ്യമാക്കണം.

‘അഴിമതിക്കാർ ചിതലിനെപ്പോലെ രാജ്യത്തെ തിന്നുകയാണ്. അതിനെതിരെ പോരാടാൻ ദേശവാസികളേ, ദയവായി എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.’– മോദി പറഞ്ഞു. അഴിമതിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവരെപ്പോലും മഹത്വവൽക്കരിക്കാൻ ചിലർ നടത്തുന്ന തരംതാഴ്ന്ന ശ്രമങ്ങൾ സങ്കടകരമാണ്.

രാജ്യത്തെ വലിയൊരു വിഭാഗത്തിനു വീടുപോലുമില്ലാത്തപ്പോൾ മറ്റു ചിലർ അനധികൃത സമ്പാദ്യം സൂക്ഷിക്കാൻ സ്ഥലം തികയാത്ത അവസ്ഥയിലാണ്. മുൻ സർക്കാരുകളുടെ കാലത്ത് ബാങ്ക് തട്ടിപ്പിലൂടെ ഇന്ത്യയെ കൊള്ളയടിച്ചവർ ഇന്ന് ചെയ്ത പാപത്തിനു കണക്കു പറയുന്നു. കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന്റെ ക്ഷേമത്തിനല്ല, ഒരു കുടുംബത്തിന്റെ മാത്രം ക്ഷേമം ലക്ഷ്യമിട്ടുള്ളതാണ്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് ചെങ്കോട്ടയിൽ പതാക ഉയർത്തി നമ്മുടെ മഹിത പാരമ്പര്യത്തിനു സ്തുതി പാടാൻ അവസരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് താനെന്നും മോദി പറഞ്ഞു.

ആചാരവെടിക്ക് തദ്ദേശീയ പീരങ്കി സംവിധാനം

ന്യൂഡൽഹി ∙ തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി സംവിധാനമാണ് (അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം) ഇത്തവണ 21 ആചാരവെടികൾ മുഴക്കാൻ ഉപയോഗിച്ചത്. മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളടക്കം കനത്ത സുരക്ഷാ സംവിധാനങ്ങൾ ചെങ്കോട്ടയിലൊരുക്കിയിരുന്നു.

സ്ക്വാഡ്രൻ ലീഡർ സുനിത യാദവാണ് ദേശീയപതാക പാറിക്കാൻ പ്രധാനമന്ത്രിയെ സഹായിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം 792 എൻസിസി കെഡറ്റുകൾ ഇന്ത്യയുടെ ഭൂപടമാതൃകയിൽ അണിനിരന്ന് ദേശീയഗാനം ചൊല്ലി. മടങ്ങുംവഴി വാഹനം നിർത്തിയ മോദി 15 മിനിറ്റോളം കെഡറ്റുകളുമായി സംസാരിച്ചു.

English Summary: Narendra Modi independence day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com