ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി താമസിക്കുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാനുള്ള തീരുമാനത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത്. പ്രത്യേക പദവി നൽകുന്ന 370–ാം വകുപ്പ് എടുത്തുമാറ്റിയതോടെയാണ് സ്ഥിര താമസക്കാർ അല്ലാത്തവർക്കും വോട്ടവകാശം നൽകാൻ വഴിയൊരുങ്ങിയത്. പുതുതായി 25 ലക്ഷം വോട്ടർമാർ ഉണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഹിർദേശ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രതിഷേധമുയർന്നത്. 

പുറത്തുനിന്നുള്ളവർക്ക് വോട്ടവകാശം നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രതിഷേധ ജാഥ നടത്തി. കശ്മീരിലെ ജനങ്ങളുടെ സവിശേഷ വ്യക്തിത്വം ഇല്ലാതാക്കാനും ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കാനും ഉദ്ദേശിച്ചുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് പാർട്ടി ആരോപിച്ചു. ബിജെപിക്ക് കശ്മീരിലെ ജനങ്ങളുടെ പിന്തുണ നഷ്ടമായെന്ന് ബോധ്യപ്പെട്ടതിനാലാണ് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് രമൺ ഭല്ല പറഞ്ഞു. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനത്തിന് നിയമസാധുതയില്ലെന്ന് പിഡിപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മുസാഫർ ഹുസൈൻ ബെയ്ഗ് ആരോപിച്ചു. 2010 ലെ ജമ്മു കശ്മീർ സിവിൽ സർവീസസ് ഡീസെൻട്രലൈസേഷൻ ആൻഡ് റിക്രൂട്മെന്റ് നിയമം അനുസരിച്ച് 15 വർഷം കേന്ദ്രഭരണ പ്രദേശത്ത് താമസിച്ചവർക്കും 7 വർഷം വിദ്യാർഥികളായവർക്കും സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് അധികാരമുണ്ട്. ഈ സർട്ടിഫിക്കറ്റ് ജോലിക്കു വേണ്ടി മാത്രമാണെന്നും ഇവർക്ക് വോട്ടവകാശം കിട്ടില്ലെന്നും നിയമവിദഗ്ധൻ കൂടിയായ ബെയ്ഗ് ചൂണ്ടിക്കാട്ടി. 

വിഷയം ചർച്ച ചെയ്യാൻ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം തിങ്കളാഴ്ച വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രസ്താവന ജനങ്ങളിൽ ആശങ്ക പരത്തിയതായി പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ പറഞ്ഞു. 

English Summary: Protest against inclusion of non-local voters in jammu kashmir electoral rolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com