ഡൽഹിയിൽ വീണ്ടും കർഷകപ്രക്ഷോഭം; സമരം സർക്കാർ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരെ രാജ്യതലസ്ഥാനത്തു വീണ്ടും കർഷക പ്രക്ഷോഭം. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ആയിരക്കണക്കിനു കർഷകർ ജന്തർ മന്തറിലേക്കു പ്രകടനവും തുടർന്നു സമ്മേളനവും (മഹാപഞ്ചായത്ത്) നടത്തി. മധ്യഡൽഹിയിലെ സിഖ് ഗുരുദ്വാരകളിൽനിന്നു രാവിലെ പത്തിനു കൂട്ടമായി നീങ്ങിയ കർഷകരെ തടയാൻ പൊലീസ് ബാരിക്കേഡ് നിരത്തിയെങ്കിലും ഫലം കണ്ടില്ല. അവ മറികടന്ന് സമ്മേളന സ്ഥലത്തെത്തിയ കർഷകർ വൈകിട്ട് വരെ ധർണയിരുന്നു. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു കർഷകരെ ഡൽഹിയുടെ അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ പൊലീസ് തടഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ വർഷം പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച പിളർന്നതിനെത്തുടർന്ന് അതിലെ ഒരു വിഭാഗത്തിനു കീഴിലുള്ള 162 കർഷക സംഘടനകളാണ് ഇന്നലത്തെ പ്രതിഷേധത്തിൽ അണിനിരന്നത്.
കാർഷിക വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കുക, ലോക വ്യാപാര സംഘടനയിലെ അംഗത്വം ഇന്ത്യ അവസാനിപ്പിക്കുക, കർഷകരെ ദ്രോഹിക്കുന്ന വ്യാപാര കരാറുകൾ റദ്ദാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതി ഭേദഗതി ബിൽ പാസാക്കുന്നതിനു മുൻപ് കർഷകരുമായി ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടുള്ള നിവേദനം രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വൈകാതെ വൻ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി.ബിജു പറഞ്ഞു.
കേരളത്തിൽനിന്ന് ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ, ദേശീയ കർഷക സമാജം, ഫാർമേഴ്സ് റിലീഫ് ഫോറം, വീ ഫാം, കർഷക മുന്നേറ്റം തുടങ്ങിയ സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു.
താങ്ങുവില: സമിതി യോഗം ചേർന്നു
വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കു രൂപം നൽകാൻ കേന്ദ്രം നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നു. ഫലപ്രദമായും സുതാര്യമായും താങ്ങുവില ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ മുൻ കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. സമിതിയിലെ അംഗങ്ങളുടെ കാര്യത്തിൽ എതിർപ്പുള്ള സംയുക്ത കിസാൻ മോർച്ച യോഗത്തിൽ പങ്കെടുത്തില്ല.
English Summary: Farmers' Kisan Mahapanchayat In Delhi update