ADVERTISEMENT

ന്യൂഡൽഹി ∙ ചാരസോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ചു ചോർത്തിയെന്നു പരാതിയുള്ള 29 പേരാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിക്കു ഫോൺ കൈമാറിയത്. ചോർത്തപ്പെട്ടവരുടെ പേരുകളുമായി പുറത്തുവന്ന പട്ടികയിൽ ഇന്ത്യയിൽ നിന്നു മുന്നൂറോളം പേർ ഉൾപ്പെട്ടിരുന്നെങ്കിലും ഫോൺ നൽകാൻ പലരും മടിച്ചു. ഇത് അന്വേഷണം നീളാൻ ഇടയാക്കി. പത്രപ്പരസ്യം നൽകിയും കോടതി വഴി ആവശ്യപ്പെട്ടും നടത്തിയ ഇടപെടലുകൾക്ക് ശേഷമാണ് 29 പേരെങ്കിലും ഫോൺ നൽകിയത്. ഫോണുകളിൽ ഡിജിറ്റൽ, ഫൊറൻസിക് പരിശോധനകൾ സമിതി നടത്തിയിരുന്നു.

വിദഗ്ധ സമിതിയുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ നൽകിയ റിപ്പോർട്ടിൽ പൗരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനും ഉചിതമായ നിയമഭേദഗതികൾക്കും നിർദേശങ്ങളുണ്ട്. സ്വീകരിക്കേണ്ട ഭാവി നടപടികൾ, സുതാര്യത, പരാതി, പരാതി പരിഹാരം തുടങ്ങിയവ സംബന്ധിച്ചും നിർദേശങ്ങളുണ്ട്. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് 3 ഭാഗങ്ങളായാണ്. പെഗസസുമായി ബന്ധപ്പെട്ട് സമിതി നടത്തിയ അന്വേഷണങ്ങൾക്കു ലഭിച്ച പ്രതികരണങ്ങളും പ്രത്യേക ഫയലായി കോടതിയിൽ നൽകി.

എല്ലാം കോൺഗ്രസിന്റെ ഗൂഢാലോചന: ബിജെപി

ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വിവാദവും പഞ്ചാബിൽ ജനുവരിയിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയും കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി. ഇരു വിഷയങ്ങളിലും സുപ്രീം കോടതി നിയോഗിച്ച സമിതികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമാണ് ആരോപണമുന്നയിച്ചത്. 

രാഹുലും കോൺഗ്രസും പെഗസസ് വിഷയത്തിൽ രാജ്യത്തോടു മാപ്പു പറയണം. വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളിൽ പെഗസസ് ചാര സോഫ്റ്റ്‌വെയറില്ലെന്നും 5 ഫോണുകളിൽ കണ്ടെത്തിയ അനധികൃത സോഫ്റ്റ്‌വെയർ പെഗസസ് അല്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. പഞ്ചാബിൽ പ്രധാനമന്ത്രിയെ അപായപ്പെടുത്താനാണ് ഗൂഢാലോചന നടന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

എന്താണ് കേസ്

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ തുടങ്ങി ആയിരക്കണക്കിനു പേരുടെ ഫോൺ ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ചു ചോർത്തിയതുമായി ബന്ധപ്പെട്ടതാണു കേസ്. മുന്നൂറോളം ഇന്ത്യക്കാരും പട്ടികയിൽ ഉൾപ്പെട്ടതോടെ, സുപ്രീം കോടതിയിൽ ഹർജികളെത്തി. 12 പേരുടെ ഹർജികൾ പരിഗണിച്ച കോടതി, 2021 ഒക്ടോബർ 27ന് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ആർ. വി. രവീന്ദ്രന്റെ മേൽനോട്ടത്തിലുള്ള സമിതിയിൽ മലയാളിയായ ഡോ. പി. പ്രഭാകരനും അംഗമാണ്.

English Summary: Pegasus spy software case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com