ADVERTISEMENT

ന്യൂഡൽഹി∙ 2029ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കു പിന്നിൽ അഞ്ചാമതാണ് ഇന്ത്യ. നാലാമതുള്ള ജർമനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്പദ‍്‍വ്യവസ്ഥയിൽ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറിൽ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.

ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകും. ഐഫോൺ 14 മോഡലിന്റെ ഉൽപാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കം ഈ ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണെന്നും എസ്ബിഐ റിസർച്ച് പറയുന്നു. ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ വഴിയൊരുക്കും. ഈ സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിൽ 13.5% വളർച്ചയാണ് ഇന്ത്യ നേടിയത്. ചൈനയുടെ വളർച്ചയാകട്ടെ 0.4 ശതമാനവും. 

General KTM-Kottayam-Manorama-First-A-05092022-1.sla

ഇന്ത്യ: ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ

ന്യൂഡൽഹി∙ ഈ സാമ്പത്തികവർഷം ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. 

ആദ്യപാദ കണക്കനുസരിച്ചാണ് ഈ നിഗമനം. 6.7% – 7.7% വളർച്ചയാണ് ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ കാലത്ത് 6 – 6.5% വളർച്ചയെന്നതാണ് പുതിയ ക്രമമെന്നും എസ്ബിഐ റിസർച്ച് പറയുന്നു.

ഇന്ത്യയ്ക്ക് കുതിപ്പിന്റെ കാലമെന്ന് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി∙ 2 വർഷത്തിനുള്ളിൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്നീ ഇരട്ട നാഴികക്കല്ലുകൾ മറികടക്കുന്നത് അഭിമാനമാണ്.

സ്വാതന്ത്ര്യം ലഭിച്ച് 75-ാം വർഷത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നത് യാദൃശ്ചികമാവാം. തകർച്ചയിലായ സമ്പദ്‍വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാൻ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും അനുരാഗ് ചൂണ്ടിക്കാട്ടി.

പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന തരത്തിലേക്ക് ജീവിതച്ചെലവ് ഉയരുന്നതിനു പണപ്പെരുപ്പം കാരണമായെന്നും അനുരാഗ് പറഞ്ഞു. 

 

English Summary: India set to become 3rd largest economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com