ADVERTISEMENT

ന്യൂഡൽഹി ∙ കാൻസർ, ഹൃദ്രോഗ ചികിത്സകൾക്കുള്ള ചില മരുന്നുകൾക്കു വില കുറയുമെന്ന പ്രതീക്ഷയേകി കേന്ദ്ര ആരോഗ്യമന്ത്രാലയം അവശ്യമരുന്നുകളുടെ ദേശീയപട്ടിക പുതുക്കി. 7 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നടപടി. പുതുതായി ഉൾപ്പെടുത്തിയ 34 മരുന്നുകളിൽ കാൻസർ ചികിത്സയ്ക്കുള്ള 4 മരുന്നുകളും ഹൃദ്രോഗ ചികിത്സയ്ക്കുള്ള 2 മരുന്നുകളുമുണ്ട്.

അതേസമയം, കാൻസർ ചികിത്സയിൽ കൂടുതൽ ഫലപ്രദമെന്നു കരുതപ്പെടുന്ന പല വിലയേറിയ മരുന്നുകളും പട്ടികയിലില്ലെന്നു വിമർശനമുണ്ട്. കോവിഡ് ചികിത്സാ മരുന്നുകളുമില്ല. നിലവിലെ പട്ടികയിൽനിന്ന് 26 മരുന്നുകളും അണുനശീകരണിയായി ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും ഒഴിവാക്കി. ഇവയ്ക്കു വർഷംതോറും 10% വരെ വില കൂട്ടാൻ കമ്പനികൾക്കു തടസ്സമില്ല. 

പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഇൻസുലിൻ ഗ്ലാർഗിൻ ഇൻജക്‌ഷൻ, അണുബാധ ചികിത്സിക്കാനുള്ള ഐവർമെക്ടിൻ, ആസ്മ രോഗികൾക്കുള്ള മോണ്ടിലുക്കാസ്റ്റ് ഗുളിക, കാൻസർ അനുബന്ധ ചികിത്സയിലെ ബെൻഡമസ്റ്റിൻ ഹൈഡ്രോക്ലോറൈഡ്, ഐറിനോടെക്കാൻ, ലെനലിഡൊമൈഡ്, ലൂപ്രോലൈഡ്, ഹൃദ്രോഗ ചികിത്സയ്ക്കുള്ള ഡാബിഗട്രാൻ, ടെനക്ടപ്ലേസ് എന്നിവ അവശ്യമരുന്നുകളുടെ പട്ടികയിലായി. അതേസമയം, ഹൃദ്രോഗ ചികിത്സയിൽ നൽകുന്ന അറ്റനലോൾ ഗുളിക, ആൽടിപ്ലേസ് ഇൻജക്‌ഷൻ പൊടി എന്നിവ ഒഴിവാക്കി. 

പുതിയ പട്ടികയിൽ ആകെ 384 മരുന്നുകളും ആയിരത്തിലേറെ മരുന്നുനിർമാണഘടകങ്ങളുമുണ്ട്. 2015 ലെ പട്ടികയിൽ 376 അവശ്യമരുന്നുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, അന്ന് 106 മരുന്നുകൾ പുതുതായി ഉൾപ്പെടുത്തിയിരുന്നു. 348 മരുന്നുകളുള്ള 2011 ലെ പട്ടികയിൽ 47 എണ്ണം പുതിയതായിരുന്നു. 

വിലനിയന്ത്രണമുള്ള മരുന്നുകൾ 18%

പട്ടികയിൽ ഉൾപ്പെടുന്ന മരുന്നുകളുടെ വില കമ്പനികൾക്കു യഥേഷ്ടം തീരുമാനിക്കാനാകില്ല. മൊത്തവില സൂചികയുടെ കൂടി അടിസ്ഥാനത്തിൽ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയാകും (എൻപിപിഎ) വില തീരുമാനിക്കുക. സർക്കാർ ആശുപത്രികളിലും മറ്റും ഇവ സൗജന്യമായി ലഭിക്കും. മൊത്തം വിൽക്കുന്നതിൽ 18 % ഇത്തരം വിലനിയന്ത്രണമുള്ള മരുന്നുകളാണ്. 

∙ ‘ജനങ്ങളുടെ മരുന്നുചെലവ് ഗണ്യമായ കുറയുംവിധമാണ് പട്ടിക പുതുക്കിയത്. കൂടുതൽ മെച്ചപ്പെട്ടവയുടെ ലഭ്യത, ചെലവുചുരുക്കൽ എന്നിവ പരിഗണിച്ചാണ് ചില മരുന്നുകൾ ഒഴിവാക്കിയത്.’ – കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ 

English Summary: Essential Medicines List India: NLEM 2022 released, 4 cancer medicines included

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com