ADVERTISEMENT

ന്യൂഡൽഹി ∙ അവശ്യമരുന്നുകളുടെ പട്ടികയിൽനിന്നു റാനിറ്റിഡിൻ ഗുളികയെ ഇന്ത്യ പുറത്താക്കിയെങ്കിലും ഇവയുടെ വിൽപനയ്ക്ക് ഇപ്പോഴും നിയന്ത്രണമില്ല. കേരളത്തിലെ സർക്കാർ ആശുപത്രികളിലടക്കം ഡോക്ടർമാർ ഈ മരുന്ന് യഥേഷ്ടം കുറിക്കുന്നുവെന്നാണു വിവരം. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ആമാശയ അൾസർ തുടങ്ങി അസിഡിക് ചികിത്സയ്ക്കു സാധാരണമായി നൽകുന്ന ഈ ഗുളികയുടെ വിൽപന പല രാജ്യങ്ങളിലും 2 വർഷമായി വിലക്കിയിട്ടുണ്ട്.

അവശ്യമരുന്നു പട്ടികയിലെ മരുന്നുകളുടെ വിലനിർണയം ദേശീയ വില നിയന്ത്രണ അതോറിറ്റിയുടേത് (എൻപിപിഎ) ആകുന്നുവെന്നതു മാത്രമാണു പട്ടികയിലെ മാറ്റം കൊണ്ട് അർഥമാക്കുന്നത്. ഇതിൽനിന്ന് ഒഴിവാക്കിയതു കൊണ്ട് വിൽപനയ്ക്കു തടസ്സമുണ്ടാകില്ല. റാൻടാക്, സാൻടാക് എന്നി ബ്രാൻഡ് പേരുകളിലാണ് റാനിറ്റഡിൻ വിപണിയിലുള്ളത്.

2019 ലെ ലബോറട്ടറി പരീക്ഷണങ്ങളിൽ റാനിറ്റിഡിൻ കഴിക്കുന്നവരിൽ അർബുദകാരിയായേക്കാവുന്ന എൻ–നൈട്രസോഡൈമീഥൈലമീന്റെ (എൻഡിഎംഎ) സാന്നിധ്യം സ്ഥിരീകരിച്ചതായിരുന്നു പ്രശ്നം. പിന്നാലെ, പ്രധാന മരുന്നു നിയന്ത്രണ അതോറിറ്റികളായ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഇതിന്റെ വിൽപന റദ്ദാക്കി.

എന്നാൽ തുച്ഛമായ വിലയ്ക്ക് റാനിറ്റഡിൻ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാകുന്നുവെന്നു ഡോക്ടർമാർ സമ്മതിക്കുന്നു. സ്വന്തം നിലയിലും ഈ ഗുളിക വാങ്ങിക്കഴിക്കുന്നവരുണ്ട്. സാൻടക് ഉൽപാദകരായ ഗ്ലാക്സോ സ്മിത് ക്ലൈയിൻ മരുന്നു നേരത്തെ സ്വമേധയാ വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു. എങ്കിലും ഇപ്പോഴും ചില ഇന്ത്യൻ കമ്പനികൾ ഇതേ ബ്രാൻഡിൽ റാനിറ്റിഡിൻ ലഭ്യമാക്കുന്നുവെന്നാണു വിവരം.

Content Highlight: Ranitidine medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com