ADVERTISEMENT

ന്യൂഡൽഹി ∙ പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾക്കു ഹൃദ്യമായ വരവേൽപ്. നമീബിയയിൽനിന്നു വിമാനമാർഗമെത്തിയ ചീറ്റകളെ കൂട്ടിൽനിന്നു തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ നേരിട്ടെത്തി.

കമ്പിവല ഉപയോഗിച്ചു വേർതിരിച്ച പുൽമേട്ടിലെ ക്വാറന്റീൻ മേഖലയ്ക്കരികിൽ പ്രത്യേകപീഠം തയാറാക്കിയിരുന്നു. ഇതിനു താഴെ കൂടുകൾ വച്ചു ഇവയിലേക്കു ഘടിപ്പിച്ച ലിവർ തിരിച്ചാണു മോദി ഇവയെ തുറന്നുവിട്ടത്. പിറന്നാൾ ദിനത്തിൽ, തൊപ്പിയും സൺഗ്ലാസും വൈ‍ൽഡ്‍ലൈഫ് ജാക്കറ്റുമണിഞ്ഞെത്തിയ മോദി, ക്യാമറയിൽ ചീറ്റകളുടെ ചിത്രങ്ങളും പകർത്തി. 

5 പെണ്ണും 3 ആണും ഉൾപ്പെടെ 8 ചീറ്റകളാണ് എത്തിയത്. ബോയിങ് 747 വിമാനത്തിൽ നമീബയയിൽനിന്ന് ആദ്യം ഗ്വാളിയോറിലേക്കും പിന്നീടു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കുനോ പാർക്കിനടുത്തെ പാൽപുരിലും എത്തിച്ച് കൂട്ടിലാക്കിയിരുന്നു. 

അവസാനമുണ്ടായതെന്നു കരുതപ്പെട്ട 3 ചീറ്റകളും 1947 ൽ വേട്ടയാടപ്പെട്ടതോടെയാണു ഇന്ത്യയിൽ ഇവയ്ക്കു വംശനാശം സംഭവിച്ചത്. 1952 ൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009 ലാണ് ചീറ്റകളെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയത്. തുറന്നുവിട്ട 8 ചീറ്റകളുടെയും സഞ്ചാരപഥം മനസ്സിലാക്കാൻ ജിപിഎസ് സംവിധാനമുള്ള സാറ്റലൈറ്റ് റേഡിയോ കോളർ അണിയിച്ചിട്ടുണ്ട്. 

First Look Of Cheetah | Namibia | (Photo - Twitter/@ANI)
നബീമിയയിൽനിന്ന് എത്തിയ ചീറ്റകളെ മാറ്റുന്നു. (Photo - Twitter/@JM_Scindia)

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാൻ, കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരും ചടങ്ങിനെത്തി. മോദി 3 എണ്ണത്തെയും മറ്റു വിശിഷ്ടാതിഥികൾ ശേഷിച്ചവയെയുമാണ് തുറന്നുവിട്ടത്. 

∙ ‘നാം നമ്മുടെ വേരുകളിൽ നിന്ന് അകലുമ്പോൾ ഒരുപാടു നഷ്ടം സംഭവിക്കും. രാജ്യാന്തര മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചീറ്റകളെ പുനരധിവസിപ്പിക്കാൻ സർക്കാർ ശ്രമിക്കും. നമ്മുടെ വനങ്ങളിലെയും ജീവിതത്തിലെയും വലിയ ശൂന്യതയാണ് ചീറ്റയുടെ വരവോടെ ഇല്ലാതാകുന്നത്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary: Cheetahs For India On Plane To Gwalior

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com