ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ, കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ ഇറങ്ങും. മത്സരം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂർ എംപിയും തമ്മിലായിരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വിമത സ്ഥാനാർഥിയായി മനീഷ് തിവാരി എംപിയും രംഗത്തിറങ്ങിയേക്കുമെന്നു സൂചനയുണ്ട്. ഭാരത് ജോഡോ യാത്ര നടക്കുന്ന േകരളത്തിൽ നിന്ന് ഇന്നലെ ഡൽഹിയിലെത്തിയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ പ്രസിഡന്റാകണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡ്, ഹരിയാന പിസിസികളും പ്രമേയം പാസാക്കി. 

നീക്കങ്ങൾ ഇങ്ങനെ: 

അശോക് ഗെലോട്ട്: പ്രസിഡന്റാകാൻ ഏറ്റവും സാധ്യതയുള്ള നേതാവ്. ഗാന്ധി കുടുംബത്തിന്റെ പിന്തുണ. പ്രസിഡന്റാകാൻ താൽപര്യമുണ്ടെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാഷ്ട്രീയ എതിരാളിയായ സച്ചിൻ പൈലറ്റിനു വിട്ടുകൊടുക്കാതിരിക്കാൻ നീക്കം നടത്തുന്നു. സച്ചിനു പകരം തന്റെ അനുയായികളിലൊരാളെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമം. ഇതിനോടു ഹൈക്കമാൻഡിനു യോജിപ്പില്ല. രാജസ്ഥാൻ കൈവിടാതിരിക്കാൻ രാഹുലിനെ തന്നെ വീണ്ടും പ്രസിഡന്റാക്കണമെന്നും വാദിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയാറായാൽ, അത് ഗാന്ധി കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി എന്ന പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയ പ്രതിച്ഛായ ഉയർത്താൻ ഗെലോട്ട് ശ്രമിക്കും. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് ഇപ്പോഴും പരസ്യമായി പറയാൻ അദ്ദേഹം തയാറാവാത്തതും അതുകൊണ്ടു തന്നെ. ഈ മാസം 26നു ഗെലോട്ട് പത്രിക നൽകുമെന്ന സൂചന ശക്തം. ഗെലോട്ട് ഇന്നു ഡൽഹിയിൽ സോണിയയുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കേരളത്തിലേക്കു വരുമെന്നാണു വിവരം. 

ശശി തരൂർ: സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായി വാദിക്കുന്നു. തോൽവിയും ജയവും പ്രസക്തമല്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ഥാനാർഥിയായി രംഗത്തിറങ്ങുമെന്നുമാണു നിലപാട്. സോണിയയെയും ഇക്കാര്യമറിയിച്ചു. അവസാന നിമിഷം രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന് ഉറ്റുനോക്കുന്നു. പ്രസിഡന്റാകാനില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നാൽ, സ്ഥാനാർഥിയായി തരൂർ ഇറങ്ങും.

മനീഷ് തിവാരി: ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തോട് എതിർപ്പ്. വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുന്നതു പരിഗണനയിൽ. 

ഗാന്ധി കുടുംബം: തിരഞ്ഞെടുപ്പിൽ ആരും മത്സരിക്കേണ്ടതില്ലെന്നു തീരുമാനം. വീണ്ടും പ്രസിഡന്റാകാനില്ലെന്ന് രാഹുൽ ആവർത്തിക്കുന്നു. പദയാത്രയ്ക്ക് ഒരു ദിവസത്തെ അവധി നൽകി നാളെ രാത്രി ഡൽഹിക്കു വരാനുള്ള തീരുമാനവും മാറ്റിയതായാണു വിവരം. നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പരസ്യമായി പറയുമ്പോഴും പാർട്ടി നേതൃത്വം കൈവിട്ടു പോകാതിരിക്കാൻ വിശ്വസ്തനെ പ്രതിഷ്ഠിക്കാൻ താൽപര്യം. കുടുംബത്തിന്റെ വിശ്വസ്തൻ ഗെലോട്ട് ആണ്.

മല്ലികാർജുൻ ഖർഗെ, മുകുൾ വാസ്നിക്: പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഗെലോട്ട് വിസമ്മതിച്ചാൽ പരിഗണിക്കേണ്ടവരുടെ പട്ടികയിൽ മുന്നിൽ. 

സച്ചിൻ പൈലറ്റ്: വർഷങ്ങളായി കാത്തിരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി പദം ഇക്കുറി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗെലോട്ടിന്റെ നീക്കങ്ങളിൽ ആശങ്ക. ഗെലോട്ടിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ അനുയായിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തയാറായാൽ സച്ചിൻ കലാപക്കൊടി ഉയർത്തും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇപ്പോൾ കേരളത്തിൽ. 

സംസ്ഥാന പിസിസികൾ: രാഹുൽ ഗാന്ധി പ്രസിഡന്റാകണമെന്ന് 10 പിസിസികൾ പ്രമേയം പാസാക്കി. തിരഞ്ഞെടുപ്പ് നടക്കണമെന്ന് ഭൂരിഭാഗം സംസ്ഥാന നേതാക്കളും ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രമേയത്തിലൂടെ ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നു.

രാഹുലിനായി കെപിസിസിയും

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണമെന്ന വികാരത്തിൽ കെപിസിസി. രാഹുൽ ഒഴിവാകുന്ന പക്ഷം നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള നേതാവ് പ്രസിഡന്റ് ആകുന്നതാകും നല്ലതെന്ന അഭിപ്രായവും കേരള നേതാക്കൾ പങ്കുവയ്ക്കുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകിയ ശശി തരൂർ അതിനു തയാറായാൽ കെപിസിസിയുടെ പിന്തുണ ഉണ്ടാകില്ലെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.

രാഹുൽ പ്രസിഡന്റായി വരണം എന്നതാണ് കേരളത്തിന്റെ പൊതു വികാരമെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരു മത്സരിച്ചാലും നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള നേതാവ് മാത്രമേ പ്രസിഡന്റ് ആകൂവെന്നു കെ.മുരളീധരൻ പറഞ്ഞു. രാഹുൽ പദവി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കെപിസിസി പാസാക്കി അയയ്ക്കണമെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. എന്നാൽ ഭാരത് ജോഡോ യാത്ര 30 വരെ കേരളത്തിൽ ആയിരിക്കെ, രാഹുൽ കേരളത്തിൽ ഉള്ളപ്പോൾ അദ്ദേഹത്തിനായി യോഗം കൂടി പ്രമേയം പാസാക്കുന്നത് ശരിയോ എന്ന സന്ദേഹം പങ്കുവയ്ക്കുന്നവരുണ്ട്. 24 മുതൽ 28 വരെയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകാനുള്ള സമയം.

യാത്രയിൽ ചേരാൻ പ്രിയങ്കയും

ന്യൂഡൽഹി ∙ ഭാരത് ജോഡോ പദയാത്രയിൽ വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധിയെയും പങ്കെടുപ്പിക്കുന്നത് കോൺഗ്രസിന്റെ പരിഗണനയിൽ. 24, 25, 26 തീയതികളിലൊന്നിൽ പ്രിയങ്കയെ കേരളത്തിലെത്തിക്കാനാണ് ആലോചിക്കുന്നത്. ഈ ദിവസങ്ങളിൽ യാത്ര തൃശൂർ, പാലക്കാട് ജില്ലകളിലൂടെയാണ്.

English Summary: Congress president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com