ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുമായി ചർച്ചകൾ നടത്തുമ്പോഴും മറുവശത്ത് ഇന്ത്യയെ പരോക്ഷമായി എതിർക്കുന്ന നടപടി ചൈന തുടരുന്നു. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവായ സാജിദ് മിറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനു ചൈന കഴിഞ്ഞ ദിവസം തടയിട്ടിരുന്നു. ജൂണിനു ശേഷം ഇതു മൂന്നാം തവണയാണു പാക്ക് ഭീകരരെ വിലക്കുപട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന തടഞ്ഞത്. ഇതിനുശേഷം ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരതയെ ചെറുക്കാനുള്ള പ്രസ്താവനയിൽ ചൈന ഇന്ത്യയ്ക്കൊപ്പം ഒപ്പുവയ്ക്കുകയും ചെയ്തു.

2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണു സാജിദ് മിർ. ഇയാൾ മരിച്ചുവെന്നാണു പാക്കിസ്ഥാൻ അടുത്തകാലം വരെ പറഞ്ഞുകൊണ്ടിരുന്നത്. ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാന് ഏർപ്പെടുത്തിയ ഉപരോധം നീക്കാനായി ആഴ്ചകൾക്കു മുൻപ് ഇയാളെ 15 വർഷത്തേക്ക് ഒരു പാക്ക് കോടതി തടവിനു ശിക്ഷിച്ചു. ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫ് നിബന്ധന പാലിക്കാനായിരുന്നു ഇത്.

കഴിഞ്ഞ മാസം പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റഊഫ് അസ്ഹർ, ജൂണിൽ അബ്ദുൽ റഹ്മാൻ മക്കി എന്നിവരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവും രക്ഷാസമിതിയിൽ ചൈന തടഞ്ഞു. 

കഴിഞ്ഞ ദിവസം ബ്രിക്സ് മന്ത്രിതല യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈന വിദേശകാര്യമന്ത്രി വാങ് യിയുമാണു പങ്കെടുത്തത്. ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. യുഎൻ രക്ഷാസമിതിയിലെ യുക്രെയ്ൻ ചർച്ചയിൽ, ചില രാജ്യങ്ങൾ ആഗോള ഭീകരതയുടെ കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പിനെ ജയശങ്കർ വിമർശിച്ചിരുന്നു.

ലഡാക്കിലും കള്ളക്കളി

ലഡാക്കിൽ തന്ത്രപ്രധാന മേഖലകളിൽനിന്നു പിൻവാങ്ങുന്നതിനു പല തടസ്സങ്ങൾ പറഞ്ഞു നിൽക്കുകയാണു ചൈന. കഴിഞ്ഞ ദിവസം ചൈന പട്രോൾ പോയിന്റ് 15ൽനിന്നു പിൻവാങ്ങിയത് ഇന്ത്യയുടെ സ്ഥലങ്ങൾ കൂടി ബഫർസോണാക്കിയാണെന്നും ആക്ഷേപമുയർന്നിരുന്നു.

English Summary: China shields Pak based terrorists

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com