കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗെലോട്ട് x തരൂർ x തിവാരി?

gehlot-tharoor
അശോക് ഗെലോട്ട്, ശശി തരൂർ
SHARE

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം ഇന്നു തുടങ്ങും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ശശി തരൂർ എംപി എന്നിവർക്കു പുറമേ തിരുത്തൽവാദി സംഘത്തിൽ (ജി 23) അംഗമായ മനീഷ് തിവാരിയും മത്സരരംഗത്തിറങ്ങിയേക്കുമെന്നു സൂചനയുണ്ട്. 

മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തിവാരിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗെലോട്ടും തരൂരും ഗാന്ധി കുടുംബവുമായി ചർച്ച ചെയ്താണു സ്ഥാനാർഥിത്വം തീരുമാനിച്ചതെങ്കിൽ, നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മനീഷ് തിവാരി വിമതനായി കളത്തിലിറങ്ങാനുള്ള ആലോചനയിലാണ്. സ്ഥാനാർഥിയാകാൻ രാഹുൽ ഗാന്ധിയെ പരമാവധി നിർബന്ധിച്ചെങ്കിലും ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞെന്നു ഗെലോട്ട് വ്യക്തമാക്കി. 

വരും ദിവസങ്ങളിൽ താൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും പറഞ്ഞു. ഗെലോട്ടും തരൂരും 26നു പത്രിക നൽകുമെന്നാണു വിവരം. ഈ മാസം 30 വരെ പത്രിക സമർപ്പിക്കാം. പ്രസിഡന്റ് സ്ഥാനാർഥി ആയാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദമൊഴിയാമെന്നു ഗെലോട്ട് സമ്മതിച്ചതോടെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് ഉറ്റുനോക്കുകയാണു കോൺഗ്രസ് ക്യാംപ്. 

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണു സച്ചിൻ പൈലറ്റ്. എന്നാൽ, രാഷ്ട്രീയ എതിരാളിയായ സച്ചിനെ തടയാൻ തന്റെ വിശ്വസ്തരിലൊരാളെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ട് അണിയറ നീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്ന വാദമുന്നയിച്ച് സച്ചിന്റെ വഴിമുടക്കാൻ അദ്ദേഹം ശ്രമിച്ചേക്കും. 2018 ൽ സച്ചിനെ പിന്തള്ളി ഗെലോട്ട് മുഖ്യമന്ത്രിയായത് അങ്ങനെയാണ്. 

അതേ രീതി വീണ്ടും സ്വീകരിച്ചാൽ ഇഷ്ടക്കാരനെ മുഖ്യമന്ത്രിയാക്കാൻ ഗെലോട്ടിനു സാധിക്കും. രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് സോണിയ ഗാന്ധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കനും ചേർന്നു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Congress presidential election nomination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}