അടിയന്തര നടപടിക്കു കാരണം പ്ലാൻ ജൂലൈ 12; നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഐഎ

Popular Front Of India | (File Photo - FB/PopularFrontofIndiaOfficial)
ഫയൽ ചിത്രം
SHARE

പട്ന ∙ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനും അടിയന്തര നടപടികൾക്കും കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതു ജൂലൈ 12നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശനത്തിനിടെ ആക്രമണം നടത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയാറാക്കിയെന്ന ഇന്റലിജൻസ് റിപ്പോർട്ട്. ഹിറ്റ് സ്ക്വാഡിനു തീവ്രപരിശീലനം നൽകാൻ പട്ന ഫുൽവാരി ഷെരീഫിൽ നടത്തിയ ക്യാംപിന് കണ്ണൂർ സ്വദേശി ഷഫീഖ് പായത്ത് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു. അറസ്റ്റിലായ ഷഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 

പോപ്പുലർ ഫ്രണ്ടിനു ലഷ്കറെ തയ്ബ, ഐഎസ്, അൽ ഖായിദ തുടങ്ങിയ ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ രാജ്യവ്യാപക റെയ്ഡിൽ കണ്ടെത്തിയെന്നാണ് എൻഐഎ അറിയിച്ചത്. തീവ്രവാദ സംഘടനകൾ സമുദ്ര യാത്രയിൽ ആശയവിനിമയത്തിന് ഉപയോഗിക്കാറുള്ള രണ്ട് ലൗറൻസ് എൽഎച്ച്ആർ–80 വയർലെസ് സെറ്റുകൾ തമിഴ്നാട്ടിലെ റെയ്ഡിൽ കണ്ടെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ബറക്കത്തുല്ല എന്നയാളിൽ നിന്നാണ് വയർലെസ് പിടിച്ചെടുത്തത്. തീരരക്ഷാസേനയുടെ സാന്നിധ്യം അറിയാനുതകുന്നതാണ് ഈ വയർലെസ്. രഹസ്യമായി ആശയവിനിമയവും സാധിക്കും. 

അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങളും എൻഐഎ ഉന്നയിക്കുന്നുണ്ട്. ചെയർമാൻ ഒ.എം.എ സലാമിന്റെ സഹായിയായ എം.മുഹമ്മദ് ഇസ്മായിലിൽ നിന്നു പിടിച്ചെടുത്ത ഡയറിയിൽ നിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി എൻഐഎ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥനായിരിക്കെ ഒ.എം.എ. സലാം ചട്ടവിരുദ്ധമായി പോപ്പുലർ ഫ്രണ്ട് ചെയർമാൻ സ്ഥാനം വഹിച്ചുവെന്ന് ആരോപണമുണ്ട്. കെഎസ്ഇബിയിൽ നിന്നു സസ്പെൻഷനിലായ സലാം നടത്തിയ അനധികൃത വിദേശ യാത്രകളെക്കുറിച്ചു വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. 

സെക്രട്ടറി നാസറുദ്ദീൻ എളമരത്തിനെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്. ദേശീയ കൗൺസിൽ അംഗം പി.കോയ നേരത്തേ സിമി നേതൃത്വത്തിലുണ്ടായിരുന്നു. രാജസ്ഥാനിലെ ഗുജ്ജർ – മാലി സമുദായങ്ങൾക്കിടെ സ്പർധ സൃഷ്ടിക്കാനുള്ള പദ്ധതിയിൽ പി.കോയയ്ക്കു പങ്കുണ്ടായിരുന്നതായും ആരോപിക്കുന്നു. പി.കോയയും പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാനും തുർക്കിയിൽ അൽഖായിദ ബന്ധമുള്ള ചാരിറ്റബിൾ സംഘടനയുമായി നേരത്തേ ബന്ധം പുലർത്തിയതിന്റെ തെളിവുകളും ലഭിച്ചതായി എൻഐഎ അറിയിച്ചു. 

ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പിഎഫ്ഐ ലക്ഷ്യമിട്ടു: കേന്ദ്രം

ന്യൂഡൽഹി ∙ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്ഐ) അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി സംഘടനകളെ നിരോധിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു. നിരോധിക്കപ്പെട്ട 8 അനുബന്ധ സംഘടനകൾ പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്ന ‘വേരുകളും രക്തധമനികളു’മാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. 

വിജ്ഞാപനത്തിൽ നിന്ന്: രാജ്യത്തിന്റെ ഭരണഘടനാ അധികാരവും അഖണ്ഡതയും അവഗണിച്ചു രാജ്യസുരക്ഷ അപകടത്തിലാക്കിയ സംഘടനയ്ക്കെതിരെ അടിയന്തര നടപടി ആവശ്യമാണ്. നിരോധിച്ചില്ലെങ്കിൽ ദേശവിരുദ്ധ വികാരം പ്രചരിപ്പിച്ചു സമൂഹത്തിലെ ഒരു വിഭാഗത്തെ തീവ്ര നിലപാടിലേക്കു മാറ്റാനുള്ള ശ്രമം തുടരും. 

നിരോധിത സംഘടനയായ സിമിയിലെ നേതാക്കളാണു പോപ്പുലർ ഫ്രണ്ടിലെ സ്ഥാപകാംഗങ്ങൾ. നിരോധിത സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലദേശുമായും ഇവർക്കു ബന്ധമുണ്ട്. പോപ്പുലർ ഫ്രണ്ടിലെ ഏതാനും പ്രവർത്തകർ ഐഎസിൽ ചേർന്നു സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ടു. ഇതിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ അറസ്റ്റിലാവുകയും ചെയ്തു.

തീവ്രവാദ, ക്രിമിനൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഇന്ത്യയിലും വിദേശത്തും നിന്നു ഫണ്ട് ശേഖരിച്ചു. ഹവാല ഇടപാടിലൂടെ കൈപ്പറ്റിയ പണം നിയമപരമാക്കാൻ ക്രമക്കേടുകൾ നടത്തി. യുവാക്കൾ, വനിതകൾ, വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഫണ്ട് ശേഖരണം ഉയർത്താനും ലക്ഷ്യമിട്ടാണ് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്.

English Summary: Attack plan against prime minister resulted in Popular Front of India ban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA