ADVERTISEMENT

ന്യൂഡൽഹി ∙ ലഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാനെ സംയുക്ത സേനാമേധാവിയായി നിയമിക്കുന്നതോടെ പ്രതിരോധ മന്ത്രാലയത്തിൽ രണ്ടാമതൊരു അനൗചിത്യം ഉയരുകയാണ്. നാലു നക്ഷത്ര റാങ്കുകാരായ സേനാ മേധാവികളുടെ സമിതിയുടെ ചെയർമാനായി മൂന്നു നക്ഷത്ര പോസ്റ്റായ ലഫ്റ്റനന്റ് ജനറൽ റാങ്കോടെ വിരമിച്ചയാൾ എത്തിച്ചേരുകയാണ്.

സേനാമേധാവിമാരായ ജനറൽ, അഡ്മിറൽ, എയർ ചീഫ് മാർഷൽ എന്നിവർ നാലു നക്ഷത്ര റാങ്കുകാരാണ്. അവർക്കു താഴെയുള്ള ലഫ്റ്റനന്റ് ജനറൽ, വൈസ് അഡ്മിറൽ, എയർ മാർഷൽ റാങ്കുകൾക്ക് മൂന്നു നക്ഷത്രം വീതമാണുള്ളത്.

സിഡിഎസ് പദവി സൃഷ്ടിച്ചപ്പോൾ തന്നെ പ്രതിരോധ മന്ത്രാലയത്തിലുണ്ടായ മറ്റൊരു റാങ്ക് അനൗചിത്യം ഇപ്പോഴും നിലനിൽക്കുകയാണ്. ഭരണകൂടത്തിന്റെ പ്രധാന സൈനികോപദേഷ്ടാവാണ് സിഡിഎസ്. അതോടൊപ്പം അദ്ദേഹം മന്ത്രാലയത്തിലെ നാലു വകുപ്പുകളിലൊന്നായ മിലിറ്ററികാര്യ വകുപ്പിന്റെ സെക്രട്ടറിയുമാണ്. കീഴ്‌വഴക്കമനുസരിച്ച്, ഈ നാലു വകുപ്പു സെക്രട്ടറിമാരെക്കാളും സീനിയറാണ് പ്രതിരോധ സെക്രട്ടറി. 

അതേസമയം, അദ്ദേഹം സേനാമേധാവികളെക്കാൾ ഒരുപടി താഴെയുമാണ്. ചുരുക്കത്തിൽ സേനാമേധാവികളെക്കാൾ പ്രോട്ടോക്കോളിൽ സീനിയറായ സിഡിഎസ്, മിലിറ്ററികാര്യ സെക്രട്ടറിയെന്ന നിലയിൽ സേനാമേധാവികളെക്കാൾ താഴെയുള്ള പ്രതിരോധ സെക്രട്ടറിയുടെയും താഴെയാണ്. മിലിറ്ററികാര്യ വകുപ്പിന്റെ സെക്രട്ടറി സ്ഥാനം സിഡിഎസിൽനിന്നു മാറ്റി അതിൽ താഴെയുള്ള ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ മേധാവിക്കു നൽകണമെന്ന് ആവശ്യമുയർന്നിരുന്നതാണ്.

ദൈനംദിന പ്രവർത്തനത്തിൽ ഇതൊന്നും പ്രശ്നമാകില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിഡിഎസ് എന്ന നിലയിലും മിലിറ്ററികാര്യ സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം നേരിട്ടു പ്രതിരോധമന്ത്രിയോടാണ് റിപ്പോർട്ട് ചെയ്യുന്നത്. ചീഫ് ഓഫ് സ്റ്റാഫ് സമിതിയിൽ സൈനിക സീനിയോറിറ്റി ഉള്ളതിനാൽ റാങ്കും പ്രശ്നമാകില്ലെന്നു പറയപ്പെടുന്നു. സൈന്യത്തിൽനിന്നു വിരമിക്കുന്ന അവസരത്തിൽ നിലവിലുള്ള സേനാമേധാവിമാരുടെ സീനിയറായിരുന്നു അദ്ദേഹം. 

Content Highlight: Anil Chauhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com