ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൻ സേവിങ്സ് സ്കീമിന്റെ (എസ്‍സിഎസ്എസ്) പലിശ 7.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമാക്കിയാണ് കേന്ദ്രം ഉയർത്തിയത്. കിസാൻ വികാസ് പത്ര 6.9 (കാലാവധി 124 മാസം) ശതമാനത്തിൽ നിന്ന് 7% (കാലാവധി 123 മാസം) ആക്കി കൂട്ടി.

ലഘു സമ്പാദ്യ പദ്ധതിയിലെ ടേം ഡിപ്പോസിറ്റിന്റെ (2 വർഷം) പലിശ 5.5 ശതമാനത്തിൽ നിന്ന് 5.7 ആക്കി. 3 വർഷ ടേം ഡിപ്പോസിറ്റിന്റേത് 5.5 ശതമാനത്തിൽ നിന്ന് 5.8 ആയി ഉയർത്തി. പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ 6.6 ശതമാനത്തിൽ നിന്ന് 6.7 ആയി വർധിപ്പിച്ചു. നാളെ മുതൽ ഇവ നടപ്പിൽവരും.

ബാക്കിയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല. 9 തവണയായി പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. പുതിയ നിരക്ക് ഡിസംബർ 31 വരെ പ്രാബല്യത്തിലുണ്ടാകും.

കാർഡ് ടോക്കണൈസേഷൻ

പണമിടപാട് നടത്താനായി വിവിധ വെബ്സൈറ്റുകളിലും ആപ്പുകളിലും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന നിലവിലെ രീതി ഇന്നുകൂടി മാത്രം. നാളെ മുതൽ റിസർവ് ബാങ്കിന്റെ കാർഡ് ടോക്കണൈസേഷൻ പ്രാബല്യത്തിൽ വരും. കാർഡ് വിവരങ്ങൾക്കു പകരം ഒരു കോഡ് നമ്പർ (ടോക്കൺ) ആയിരിക്കും സൂക്ഷിക്കുക.

ഇ–ഇൻവോയ്സ്

10 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ–ഇൻവോയ്സ് നിർബന്ധം. നിലവിലെ പരിധി 20 കോടി രൂപയാണ്. ഇതിനായി ജിഎസ്ടി കോമൺ പോർട്ടൽ വഴിയോ einvoice1.gst.gov.in വഴിയോ ഇ-ഇൻവോയ്സ് റജിസ്ട്രേഷൻ എടുക്കണം.

അടൽ പെൻഷൻ

അടൽ പെൻഷൻ പദ്ധതിയിൽ (എപിവൈ) ആദായനികുതിദായകർക്ക് ഇന്നു കൂടി മാത്രം ചേരാം. നാളെ മുതൽ ചേരുന്നവരുടെ അക്കൗണ്ട് കണ്ടെത്തിയാലുടൻ ക്ലോസ് ചെയ്യും. അതുവരെയടച്ച തുകയും തിരികെ നൽകും.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടം

റിസർവ് ബാങ്കിന്റെ ചില ക്രെഡിറ്റ്, ഡെബിറ്റ് ചട്ടങ്ങളും നാളെ പ്രാബല്യത്തിൽ വരും. കാർഡ് ഉപയോക്താവിനു നൽകി 30 ദിവസത്തിനകവും ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ മൊബൈലിലെ ഒടിപി അധിഷ്ഠിതമായ ആക്ടിവേഷൻ നിർബന്ധമാക്കി. ഉപയോക്താവിന്റെ അനുമതിയില്ലെങ്കിൽ 7 ദിവസത്തിനകം കാർഡ് അക്കൗണ്ട് ചാർജ് ഈടാക്കാതെ ക്ലോസ് ചെയ്യണം. ഉപയോക്താവിന്റെ അനുമതിയില്ലാതെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് ഉയർത്താൻ പാടില്ല.

ദേശീയ പെൻഷൻ

നാളെ മുതൽ ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ഓൺലൈനായി നോമിനി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അപേക്ഷ നൽകുമ്പോൾ 30 ദിവസത്തിനകം നോഡൽ ഓഫിസർ അതിന്മേൽ തീരുമാനമെടുത്തില്ലെങ്കിൽ, തനിയെ അപ്രൂവ് ആകും. നിലവിൽ നൽകിയിട്ടും പരിഗണിക്കാത്ത അപേക്ഷകൾക്കും പുതിയ ചട്ടം ബാധകമാണ്.

ഡീമാറ്റിന് ഇരട്ടപ്പൂട്ട്

ഓൺലൈൻ ഓഹരി വിപണി ഇടപാടുകൾക്കുള്ള ഡീമാറ്റ് അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ടു ഫാക്ടർ ഓഥന്റിഫിക്കേഷൻ പ്രാബല്യത്തിൽ. ബയോമെട്രിക് സുരക്ഷയ്ക്ക് പുറമേ പാസ്‍വേഡ്, പിൻ (നോളജ് ഫാക്ടർ ), ഒടിപി, സെക്യൂരിറ്റി ടോക്കൺ (പൊസഷൻ ഫാക്ടർ) എന്നിവ ഇതിനായി ഉപയോഗിക്കാം.

English Summary: Savings schemes interest rate hiked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com