ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ ഹൈക്കമാൻഡ് പിന്തുണയോടെ അവസാനനിമിഷം രംഗത്തെത്തി. തിരുത്തൽവാദി സംഘമായ ജി–23ലെ പ്രമുഖർ കൂടി പിന്തുണ അറിയിച്ചതോടെ വിജയപ്രതീക്ഷയേറുകയും ചെയ്തു. അട്ടിമറി വിജയത്തിനു കച്ചമുറുക്കി ശശി തരൂരും പേരിനൊരു സ്ഥാനാർഥിയായി ജാർഖണ്ഡ് മുൻമന്ത്രി കെ.എൻ.ത്രിപാഠിയും കളത്തിലുണ്ട്. മൂവരും എഐസിസി ആസ്ഥാനത്ത് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഖർഗെ 8 സെറ്റ് പത്രികകളാണു നൽകിയത്; തരൂർ ആറും.
കർണാടക സ്വദേശിയായ ഖർഗെ രംഗത്തെത്തിയതോടെ പ്രധാന പോരാട്ടം രണ്ടു ദക്ഷിണേന്ത്യക്കാർ തമ്മിലായി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയും. ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടി നയപ്രകാരമാണിത്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഒൗദ്യോഗിക സ്ഥാനാർഥി എന്ന പരിവേഷം ഖർഗെയ്ക്കു മുൻതൂക്കം നൽകുന്നു. അതേസമയം, 80 വയസ്സുള്ളയാളെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത് പാർട്ടിയുടെ ഭാവി നോക്കാതെയാണെന്ന ആക്ഷേപവുമുയർന്നു. തരൂരിനു പ്രായം 66.
വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എ.കെ.ആന്റണി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുടെ അഭിപ്രായം സോണിയ തേടി. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് ആന്റണിയാണ്. സ്ഥാനാർഥിയാകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ പിന്മാറി.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും വിധേയനുമെന്ന മേൽവിലാസമാണു ഖർഗെയ്ക്കു തുണയായത്. രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിനു വിട്ടുകൊടുക്കാതെ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച അശോക് ഗെലോട്ട്, ഖർഗെയുടെ പത്രികാ സമർപ്പണ വേളയിൽ പിന്തുണയുമായെത്തി. സച്ചിൻ പങ്കെടുത്തില്ല. 24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഏറ്റവുമൊടുവിൽ പ്രസിഡന്റായ സീതാറാം കേസരി 1998 ൽ പടിയിറങ്ങി.
അന്തിമ സ്ഥാനാർഥിപ്പട്ടിക ഇന്ന്
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമ സ്ഥാനാർഥിപ്പട്ടിക ഇന്നു വൈകിട്ടു പ്രസിദ്ധീകരിക്കും. ഈ മാസം 8 വരെ പത്രിക പിൻവലിക്കാം. 17നു പിസിസി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ആകെ ഒൻപതിനായിരത്തിലധികം വോട്ടർമാരാണുള്ളത്. 19ന് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ. അന്നുതന്നെ ഫലപ്രഖ്യാപനം.
English Summary: Mallikarjun Kharge vs Shashi Tharoor contest for the post of Congress president post