ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചാൽ ഇനി ‘ഹലോ’യ്ക്ക് പകരം കേൾക്കുക ‘വന്ദേമാതരം’. ഒൗദ്യോഗിക ഫോണിലും സ്വന്തം ഫോണിലും സംസാരം തുടങ്ങുമ്പോൾ മാത്രമല്ല, നേരിട്ടു കാണാൻ വരുന്നവരോടും ആദ്യം ‘വന്ദേ മാതരം’ പറയണമെന്നു നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി. 

ജയ് ഭീം, ജയ് ശ്രീറാം എന്നിവയോ അച്ഛനമ്മമാരുടെ പേരോ പറയാൻ ആഗ്രഹിക്കുന്നവർക്ക് അതും ആകാമെന്നും ‘ഹലോ’ ഒഴിവാക്കണമെന്നു മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും സാംസ്കാരിക മന്ത്രിയും മഹാരാഷ്ട്ര ബിജെപി മുൻ പ്രസിഡന്റുമായ സുധീർ മുൻഗൻതിവാർ പറഞ്ഞു. നിർബന്ധമാക്കുന്നില്ലെങ്കിലും എല്ലാവരും പാലിക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും വ്യക്തമാക്കി.  

‘ഹലോ’ പാശ്ചാത്യ സംസ്കാരത്തിന്റെ അനുകരണമാണെന്നും വികാരമില്ലാത്ത പദമാണെന്നും ആരോപിക്കുന്നതിനൊപ്പം ‘വന്ദേമാതരം’ പറയുന്നത് കൂടുതൽ ദേശഭക്തിയും ജനങ്ങൾ തമ്മിൽ അടുപ്പവും ഉണ്ടാക്കാൻ സഹായിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

പൊതുജനങ്ങളോടും ഇതു പാലിക്കാൻ അഭ്യർഥിച്ച സർക്കാർ, ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ ‘ഹലോ’ വിരുദ്ധ പ്രചാരണത്തിനു തുടക്കമിട്ടു. സർക്കാർ– അർധസർക്കാർ, തദ്ദേശ സ്വയംഭരണ ജീവനക്കാർക്കു പുറമേ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. 

മന്ത്രി മുൻഗൻതിവാർ ഓഗസ്റ്റിൽ തന്നെ ഇതു നിർദേശിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം നീട്ടുകയായിരുന്നു.

 

എതിർപ്പുമായി പ്രതിപക്ഷം

രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും വർഗീയ ധ്രുവീകരണത്തിനുള്ള പുതിയ നീക്കം അനുസരിക്കില്ലെന്നും യഥാർഥ മു‌സ്‌ലിം അല്ലാഹുവിനു മുന്നിലേ തലകുനിക്കൂ എന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി വ്യക്തമാക്കി.  ഭിന്നിപ്പിച്ചു ഭരിക്കാനുള്ള തന്ത്രം ബിജെപി തുടരുന്നത് വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിൽ നിന്നു ശ്രദ്ധതിരിക്കാനാണെന്നു കോൺഗ്രസ് ആരോപിച്ചു. അടിച്ചേൽപിക്കുന്ന നിബന്ധനകൊണ്ട് ദേശസ്നേഹം ഉണ്ടാകില്ലെന്ന് എൻസിപി വിമർശിച്ചപ്പോൾ വന്ദേമാതരം പറഞ്ഞില്ലെങ്കിൽ തടവിലാക്കുകയോ തൂക്കിലേറ്റുകയോ ചെയ്യുമോ എന്നാണ് അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി എഐഎംഐഎമ്മിന്റെ പ്രതികരണം.

 

English Summary: Greet with ‘Vande Mataram’ not ‘hello’: Maharashtra govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com