ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ പിന്തുണയില്ലെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ കളംപിടിക്കാൻ ശശി തരൂർ. ഒൗദ്യോഗിക പക്ഷത്തെ ഭൂരിഭാഗം നേതാക്കളും പിന്നിൽ അണിനിരക്കുമ്പോൾ വിജയം അനായാസമെന്ന പ്രതീക്ഷയിൽ മല്ലികാർജുൻ ഖർഗെ. 22 വർഷത്തിനു ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ കോൺഗ്രസ് ക്യാംപിൽ ഉയരുന്നത് ആവേശം. 

‘നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ് തരൂരിന്റെ പ്രചാരണം. ഒരു ദിവസം, ഒരു നഗരം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രചാരണ യാത്ര. തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, രാജ്യത്തുടനീളമുള്ള വോട്ടർമാരെയെല്ലാം നേരിൽ കാണുക അസാധ്യമാണെങ്കിലും പരമാവധി സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള ഓട്ടത്തിലാണു തരൂർ. ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ എന്നിവയാണു പ്രചാരണക്കളത്തിലെ കരുത്ത്. യുപി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ വിശദാംശങ്ങൾ ലഭിക്കുക എളുപ്പമല്ലാത്തതിനാൽ ഇവരെ കണ്ടെത്താനും വോട്ടഭ്യർഥിക്കാനും തരൂരിന്റെ സംഘാംഗങ്ങൾ അവിടെയെത്തിയിട്ടുണ്ട്. 

പ്രചാരണത്തിൽ തരൂർ അതിവേഗം പായുമ്പോൾ മറുവശത്തുള്ള ഖർഗെ സാവധാനം നീങ്ങുകയാണ്. പിസിസി നേതാക്കളെ നേരിട്ടു വിളിച്ച് വോട്ടുറപ്പിക്കുകയാണ് അദ്ദേഹം. വരും ദിവസങ്ങളിൽ അദ്ദേഹവും വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കും. നിലവിലെ ആരോഗ്യസ്ഥിതിയിൽ തരൂരിന്റെ ആവേശത്തിനൊപ്പം പിടിക്കാനുള്ള ഊർജം ഖർഗെയ്ക്കില്ലെങ്കിലും ഹൈക്കമാൻഡിന്റെ അനൗദ്യോഗിക പിന്തുണ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. ദീപേന്ദർ ഹൂഡ, ഗൗരവ് വല്ലഭ് എന്നിവരടക്കമുള്ള ദേശീയ നേതാക്കൾ പാർട്ടി വക്താവ് പദവി രാജിവച്ചാണ് ഖർഗെയുടെ പ്രചാരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

തരൂരിന്റെയും ഖർഗെയുടെയും പ്രചാരണരീതി താരതമ്യം ചെയ്ത് നേതാക്കളിലൊരാൾ പറഞ്ഞതിങ്ങനെ – ‘തരൂർ മുയലിനെ പോലെ കുതിക്കുകയാണ്. ഖർഗെ ആമയെ പോലെ സാവധാനം നീങ്ങി അന്തിമ വിജയം നേടും’. ജയിക്കാൻ സാധിച്ചില്ലെങ്കിലും ഖർഗെയുടെ ഭൂരിപക്ഷം കുറയ്ക്കാനായാൽ പോലും തരൂരിനു നേട്ടമാണ്. താൻ മുന്നോട്ടുവച്ച മാറ്റത്തിനു പാർട്ടിയിൽ ലഭിച്ച സ്വീകാര്യതയ്ക്കുള്ള തെളിവായി അദ്ദേഹത്തിന് അത് ഉയർത്തിക്കാട്ടാം. പുതിയ പ്രസിഡന്റ് വന്നശേഷം പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തീരുമാനിക്കണമെന്ന നിലപാട് തരൂർ സ്വീകരിക്കും. 

തോറ്റിട്ടുണ്ട്, ഔദ്യോഗിക സ്ഥാനാർഥിയും

ഒൗദ്യോഗിക സ്ഥാനാർഥിയുടെ പരിവേഷം ഖർഗെയ്ക്കുണ്ടെങ്കിലും കോൺഗ്രസ് ചരിത്രത്തിലെ 2 സംഭവങ്ങളിൽ തരൂരിനു പ്രതീക്ഷയർപ്പിക്കാം – 1939 ൽ മഹാത്മാ ഗാന്ധിയുടെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പട്ടാഭി സീതാരാമയ്യയെ സുഭാഷ് ചന്ദ്രബോസ് തോൽപിച്ചു.1950 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്ഥാനാർഥി ആചാര്യ കൃപലാനി എതിരാളിയായ പുരുഷോത്തം ദാസ് ടണ്ഠനോടു തോറ്റു.

English Summary: Congress president election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT