മെട്രോയിൽ ഗ്രഫീറ്റി: ‘റെയിൽ ഗൂൺസ്’ സംഘം അഹമ്മദാബാദിൽ അറസ്റ്റിൽ

Mail This Article
ന്യൂഡൽഹി ∙ അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രോ ട്രെയിനിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് അക്ഷരചിത്രം (ഗ്രഫീറ്റി) വരച്ചതിന് 4 ഇറ്റാലിയൻ പൗരന്മാരെ സിറ്റി ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ഗ്രഫീറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്ലാറ്റിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ജാൻലുക, സാഷ, ഡാനിയേൽ, പൗളോ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സ്റ്റേഷനിൽ അതിക്രമിച്ചു കടന്നു മെട്രോ റെയിൽ കോച്ചിൽ ‘ടാസ്’ എന്നു സ്പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ലോകത്തിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് ട്രെയിനുകളിൽ ഗ്രഫീറ്റി ചെയ്യുന്ന റെയിൽ ഗൂൺസ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
മേയിൽ കൊച്ചി മെട്രോയിലെ 4 കോച്ചുകളിൽ സ്പ്ലാഷ്, ബേൺ എന്നീ വാക്കുകൾ പെയിന്റ് ചെയ്തത് ഇവരാണെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രഫീറ്റി ചെയ്തത്.
English Summary: Four foreigners arrested