ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചപ്പോൾ പ്രധാന സമിതികളുടെയെല്ലാം അധ്യക്ഷസ്ഥാനം ഭരണപക്ഷത്തിനായി. കോൺഗ്രസിനു നൽകിയിരുന്ന ഐടി, ആഭ്യന്തര സമിതികൾ നഷ്ടപ്പെട്ടു. ശശി തരൂർ, അഭിഷേക് സിങ്‌വി എന്നിവരായിരുന്നു ഈ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.

കോൺഗ്രസിനു പുറമേ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ടിആർഎസ് എന്നിവയ്ക്കെല്ലാം അധ്യക്ഷ പദവികൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഡിഎംകെയ്ക്കും ജെഡി(യു)വിനും ഓരോ സമിതികളുടെ അധ്യക്ഷ സ്ഥാനം ലഭിച്ചു. എല്ലാ വർഷവും സമിതികൾ പുനഃസംഘടിപ്പിക്കാറുണ്ട്. പ്രധാനപ്പെട്ട സമിതികളായ വിദേശകാര്യം, പ്രതിരോധം, സാമ്പത്തികം, ആഭ്യന്തരം എന്നിവയുടെയെല്ലാം തലപ്പത്ത് ഇപ്പോൾ ബിജെപി അംഗങ്ങളാണ്. പുനഃസംഘടിപ്പിക്കാനുള്ള വാണിജ്യം, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സമിതികൾ കോൺഗ്രസിനു കൊടുക്കുമെന്ന് അഭ്യൂഹമുണ്ട്.

പാർലമെന്റിലെ കക്ഷിനില അനുസരിച്ചാണ് സമിതികളുടെ അധ്യക്ഷ സ്ഥാനം നൽകാറുള്ളത്.  അഭിഷേക് സിങ്‌വിക്കു പകരം ബിജെപിയുടെ ബ്രിജ്‌ലാലാണ് ആഭ്യന്തര വകുപ്പ് സമിതി ചെയർമാൻ. തൃണമൂൽ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന ഭക്ഷ്യ, ഉപഭോക്തൃകാര്യ മന്ത്രാലയ സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ബംഗാളിൽനിന്നുള്ള ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയെ നിയമിച്ചു.

ടിആർഎസിന്റെ കേശവ റാവുവിനു പകരം ഡിഎംകെയുടെ തിരുച്ചി ശിവയാണ് വ്യവസായ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത്. ആരോഗ്യ സമിതി അധ്യക്ഷ സ്ഥാനം എസ്പിയുടെ റാംഗോപാൽ യാദവിൽനിന്ന് ബിജെപിയുടെ വിവേക് ഠാക്കൂറിനു നൽകി. നഗര വികസന സമിതി ചെയർമാൻ സ്ഥാനം ജെഡി(യു)വിന്റെ രാജീവ് രഞ്ജൻ സിങ്ങിനാണ്.

തരൂരിനു പകരം പ്രതാപ് റാവു ജാദവ്

ശശി തരൂരിനു പകരം ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവായ പ്രതാപ് റാവു ജാദവാണ് പുതിയ ഐടി സമിതി ചെയർമാൻ. തരൂരിന്റെ നേതൃത്വത്തിലുള്ള സമിതി എടുക്കുന്ന പല നിലപാടുകളും കേന്ദ്രസർക്കാരിനു തലവേദനയുണ്ടാക്കാറുണ്ടായിരുന്നു. തരൂരിനെ മാറ്റണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ഒന്നിലേറെത്തവണ കത്തെഴുതുകയും ചെയ്തിരുന്നു.

English Summary: Opposition lost all Parliament Committee posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com