ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ കാര്യത്തിലും സോഷ്യലിസ്റ്റായിരുന്നു മുലായം സിങ് യാദവ്. ആരുമായും അടുക്കാനും അകലാനും അദ്ദേഹത്തിനു സാധിച്ചു. ഗുസ്തി പഠിച്ചു നേടിയ മെഴ്‌വഴക്കം ഉത്തർ പ്രദേശ് മുഖ്യമന്ത്രിസ്ഥാനം മുതൽ, കേന്ദ്ര പ്രതിരോധ മന്ത്രിപദം വരെയെത്താൻ സഹായിച്ചു; പ്രധാനമന്ത്രിയാവുക എന്ന ആഗ്രഹം മാത്രം അവശേഷിച്ചു.

റാംമനോഹർ ലോഹ്യയുടെ ആശയങ്ങൾ ഇഷ്ടപ്പെട്ടും, രാഷ്ട്രമീമാംസയിൽ എംഎ എടുത്തും ജീവിതം രാഷ്ട്രീയത്തിലെന്നു തീരുമാനിച്ച മുലായം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ജയിച്ചാണ് 1967 ൽ നിയമസഭാംഗമാകുന്നത്. ലോഹ്യയുടെ മരണശേഷം ചരൺ സിങ്ങിനൊപ്പം ചേർന്നു, സംസ്ഥാന മന്ത്രിയായി. മുലായമെന്ന സമരപോരാളിയെ ‘ലിറ്റിൽ നെപ്പോളിയൻ’ എന്നാണു ചരൺ സിങ് വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥയിൽ മുലായം 19 മാസം ജയിലിലായിരുന്നു.1982ൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവായി. ചരൺ സിങ്ങിന്റെ മരണശേഷം ലോക് ദൾ‍, അജിത് സിങ്ങിന്റേതും മുലായമിന്റേതുമായി പിളർന്നു. മുലായം 1989ൽ തന്റെ ലോക് ദളിനെ ജനതാ ദളിൽ ലയിപ്പിച്ചു, മുഖ്യമന്ത്രിയുമായി. ദൾ പിളർന്നപ്പോൾ ചന്ദ്രശേഖറിനൊപ്പം, സമാജ്‌വാദി ജനതാ പാർട്ടിയിൽ. മുലായം മന്ത്രിസഭയെ ആദ്യം ബിജെപിയും അവർ പിൻമാറിയപ്പോൾ‍ കോൺഗ്രസും പിന്തുണച്ചു.

∙ മണ്ഡലും പിന്നാക്ക രാഷ്ട്രീയവും:

യുപിയിൽ പിന്നാക്ക ജാതി രാഷ്ട്രീയത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിലും കോൺഗ്രസിനെ ജയിപ്പിച്ചിരുന്ന സമവാക്യങ്ങൾ തകിടം മറിക്കുന്നതിലും ശ്രദ്ധേയ പങ്കായിരുന്നു യാദവ നേതാവായ മുലായത്തിന്റേത്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം യുപിയിലെ പിന്നാക്ക വിഭാഗ രാഷ്ട്രീയ വികാസത്തിന് സഹായമായി. കോൺഗ്രസിനും ബിജെപിക്കുമെതിരെ യുപിയിലെ പ്രതിപക്ഷമുഖമായി മുലായം മാറി; മുന്നാക്ക–പിന്നാക്ക വേർതിരിവില്ലാതെ വിവിധ വിഭാഗങ്ങളെ ഒപ്പം നിർത്തി. രാമജന്മഭൂമി പ്രക്ഷോഭകാലത്തും ബാബറി മസ്ജിദ് തകർത്തശേഷവും യുപിയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി. എന്നാൽ, 2003ൽ മുഖ്യമന്ത്രിയാകാൻ മുലായമിന് വാജ്പേയിയുടെ സഹായവും ലഭിച്ചു.

ചന്ദ്രശേഖറിന്റെ പാർട്ടി പിളർന്നാണു മുലായത്തിന്റെ നേതൃത്വത്തിൽ, 1992ൽ സമാജ്‌വാദി പാർട്ടിയുണ്ടാകുന്നത് (എസ്പി).

∙ നടക്കാതെ പോയ മോഹം:

യുപിയിൽനിന്നു തനിക്കു മുൻപേ ഡൽഹിയിലേക്കു നടന്ന ചരൺ സിങ്ങും വി.പി.സിങ്ങും ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായപ്പോൾ ഒരു ദിവസം തനിക്കും അതു സാധിക്കുമെന്നു മുലായം കരുതി. 1998–99ൽ കോൺഗ്രസും ഇടതുമെല്ലാമുൾപ്പെടുന്ന മതനിരപേക്ഷ സഖ്യത്തിന്റെ ഭാഗത്തായിരുന്നു മുലായം. എന്നാൽ, സോണിയ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ തയാറായില്ല. ഉപചാരപദങ്ങളില്ലാതെ, ‘മുലായം’ എന്നു മാത്രം സോണിയ പരസ്യമായി പരാമർശിച്ചത് അണികളുടെ ‘നേതാജി’ക്ക് അനിഷ്ടമുണ്ടാക്കി.

സർക്കാരുണ്ടാക്കാൻ വേണ്ട ആളെണ്ണം തനിക്കുണ്ടെന്ന് 1999 ൽ സോണിയ രാഷ്ട്രപതിയെ അറിയിച്ചത് സമാജ്‌വാദി അംഗങ്ങളെക്കൂടി കണക്കിൽ പെടുത്തിയാണ്. എന്നാൽ, കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് അതിനു മുൻപുതന്നെ എൽ‍.കെ.അഡ്വാനിക്ക് മുലായം വാക്കുകൊടുത്തിരുന്നു. ഒടുവിൽ തങ്ങൾക്ക് ആളെണ്ണമില്ലെന്ന് സോണിയയ്ക്കു തിരുത്തിപ്പറയേണ്ടിവന്നു.

2004ൽ യുപിഎ–ഇടതു മുന്നണിയിൽ എസ്പിയെ ഉൾപ്പെടുത്താൻ കോൺഗ്രസ് തയാറായില്ല. എന്നാൽ, ആണവകരാർ വിഷയത്തിൽ ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചപ്പോൾ സർക്കാരിനെ വീഴാതെ കാത്തതു മുലായമാണ്. കരാറിലൂടെ ഇന്ത്യ യുഎസിന്റെ ആശ്രിതരാകുമെന്ന ഇടതു വാദത്തെത്തിനൊപ്പമായിരുന്നു അതുവരെ മുലായം. എന്നാൽ, മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിനോട് സംസാരിച്ചതോടെ, അങ്ങനെ സംഭവിക്കില്ലെന്നു ബോധ്യമായെന്നു പറഞ്ഞ് ചുവടുമാറ്റത്തെ മുലായം ന്യായീകരിച്ചു. യുപിയിൽ ബിഎസ്പിയെ ചെറുക്കുകയെന്ന ലക്ഷ്യവും ഉൾപ്പെട്ടതായിരുന്നു കോൺഗ്രസിനു കേന്ദ്രത്തിൽ നൽകിയ പിന്തുണ. 2012ൽ യുപിഎയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്നു മമത ബാനർജി ഭീഷണിപ്പെടുത്തിയപ്പോഴും രക്ഷകവേഷത്തിൽ മുലായമെത്തി.

2014ൽ യുപിഎക്കും എൻ‍ഡിഎക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും അപ്പോൾ താൻ പ്രധാനമന്ത്രിയാകുമെന്നും മുലായം കണക്കുകൂട്ടി; ഗൗഡയ്ക്കാവാമെങ്കിൽ തനിക്കെന്തുകൊണ്ടു പറ്റില്ലെന്ന് പരസ്യമായി ചോദിച്ചു. പക്ഷേ, എൻഡിഎയ്ക്കു ഭൂരിപക്ഷം ലഭിച്ചു, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നു 2017 ൽ മുലായം പ്രവചിച്ചത് പ്രതിപക്ഷ നേതാക്കളെ ഞെട്ടിക്കുകയും ചെയ്തു.

മുലായത്തിന്റെ വാശിക്ക് നായനാരുടെ ചികിത്സ

കടുത്ത ഹിന്ദിവാദിയായ മുലായം സിങ് യാദവിനോടു കടുംപിടിത്തം ഉപേക്ഷിക്കാൻ ഉപദേശിച്ചത് കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ. 1990 ഒക്ടോബറിലാണു സംഭവം. എറണാകുളം ജില്ലക്കാരനായ യുവാവിനെ യുപിയിലെ ബലിയിൽ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നായനാർ, അവിടത്തെ മുഖ്യമന്ത്രി മുലായം സിങ്ങിന് ഇംഗ്ലിഷിൽ കത്തെഴുതി. മുലായം മറുപടി നൽകിയതു ഹിന്ദിയിൽ. ഇംഗ്ലിഷിലും മലയാളത്തിലുമുള്ള മറുപടി സഹിതം മുലായത്തിന്റെ കത്ത് നായനാർ തിരിച്ചയച്ചു. ഹിന്ദിയിലുള്ള കത്തിനു മലയാളത്തിൽ മറുപടി തന്നാൽ എങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിനൊപ്പം, സംസ്ഥാനങ്ങൾ ഭാഷ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിന്റെ ദോഷവും നായനാർ വിശദീകരിച്ചു.

നിലപാടുകളിൽ വൈരുധ്യം

മകൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2012–17 കാലത്ത് മുലായത്തിന്റെ ബന്ധുബലം പാർട്ടിയെ ദുർബലമാക്കി. മകനെ യുപിയിലെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് അച്ഛൻ മാറ്റി, മകൻ അച്ഛനെ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മുഖ്യ രക്ഷാധികാരിയാക്കി. അച്ഛൻ ലീഡർ, മകൻ‍ ദേശീയ അധ്യക്ഷൻ എന്നതായിരുന്നു ഒടുവിലെ സ്ഥിതി.

നിലപാടുകളിലെ വൈരുധ്യവും മുലായത്തിന്റെ ശൈലിയായിരുന്നു. അടിമത്തത്തിന്റെ ഭാഷയാണ് ഇംഗ്ലിഷെന്നു വാദിച്ചപ്പോഴും മകനെ വിദേശത്തയച്ചു പഠിപ്പിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമെന്ന് ആരോപിക്കുമ്പോഴും സ്വന്തം പാർട്ടിയിൽ കൂട്ടുകുടുംബ സമ്പ്രദായം നടപ്പാക്കി. മുതലാളിത്തത്തിനെതിരെ വാദിച്ചു; യുപിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ മുൻകയ്യെടുത്തു.

English Summary: Life of Mulayam Singh Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com