ADVERTISEMENT

ന്യൂഡൽഹി ∙ അഗ്നി, പൃഥ്വി തുടങ്ങിയ ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യ സ്വയം വികസിപ്പിച്ചു പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലം. 1997ലെ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനും യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനുമായി കൂടിക്കാഴ്ച നടത്താനും യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു പ്രധാനമന്ത്രി ഐ.കെ.ഗുജ്‍റാൾ. മിസൈൽ പരീക്ഷണം നിർത്തിവയ്ക്കാനും മിസൈൽ പദ്ധതി ഉപേക്ഷിക്കാനും യുഎസ് ഭരണകൂടം ഗുജ്റാളിനുമേൽ സമ്മർദം ചെലുത്തുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. മികച്ച നയതന്ത്രജ്ഞനെങ്കിലും കടുത്ത നിലപാടുകളോടു വൈമുഖ്യമുള്ള ഗുജ്റാൾ എങ്ങനെ ഈ സമ്മർദം നേരിടുമെന്ന് ആശങ്ക ഉയർന്നു. മാത്രമല്ല, സമഗ്ര ആണവപരീക്ഷണ നിരോധന കരാറിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചതിന്റെ പേരിൽ ‘ഡീൽ–ബ്രേക്കർ’ എന്നു വൻശക്തികൾ ഇന്ത്യയെ കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെ മറ്റൊരു സമ്മർദം കൂടി ചെറുക്കാൻ സാധിക്കുമോ എന്ന ഭീതിയും.

ഇന്ത്യയുടെ ആയുധ വികസനം പാക്കിസ്ഥാനെ ചെറുക്കാനാണെങ്കിൽ അതിനുവേണ്ടി പാക്ക് ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്താൻ തങ്ങൾ തയാറാണെന്നും യുഎസ് സൂചിപ്പിച്ചിരുന്നു. പൊതുവേ സൗമ്യമായ നിലപാടാണു ചർച്ചകളിൽ യുഎസ് സ്വീകരിച്ചതെങ്കിലും പാക്കിസ്ഥാനോടു സൗമ്യമായ നിലപാട് സ്വീകരിക്കാൻ അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഉയർന്ന ഏതാനും സൈനിക ഉദ്യോഗസ്ഥന്മാരുമായി ഒരാഴ്ചയ്ക്കുള്ളിൽ പ്രത്യേക വ്യോമസേനാ വിമാനത്തിൽ മുലായംസിങ് ആദ്യം ലഡാക്കിലെ ലേയിലും അവിടെ നിന്നു ഹെലികോപ്റ്ററിൽ സിയാച്ചിനിലെ ബേസ് ക്യാംപിലുമെത്തി. സിയാച്ചിനിലെ സ്ഥിതിഗതികൾ അദ്ദേഹം അന്വേഷിച്ചറിഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനം തുടരുന്നുണ്ടെന്നും തങ്ങൾ സംയമനം പാലിക്കുകയാണെന്നും സൈനിക നേതൃത്വം അറിയിച്ചപ്പോൾ ‘നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? തിരിച്ചടിച്ചുകൊള്ളൂ’– എന്ന് അദ്ദേഹം നിർദേശം നൽകി. ഇതോടെ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നു യുഎസിനോടു വ്യക്തമാക്കാൻ ഗുജ്റാൾ ഭരണകൂടത്തിനു സാധിച്ചു.

ആയുധങ്ങളുടെയും സാമഗ്രികളുടെയും സാങ്കേതിക കാര്യങ്ങളിൽ കാര്യമായ ജ്ഞാനമുണ്ടായിരുന്നില്ലെങ്കിലും ശാക്തിക തന്ത്രപരമായ വിഷയങ്ങളെ കാര്യഗൗരവത്തോടെ സമീപിച്ച മന്ത്രിയായാണു മുലായത്തെ അക്കാലത്തു തലപ്പത്തു സേവനമനുഷ്ഠിച്ച പലരും ഓർക്കുന്നത്. മുലായം സിങ്ങിന്റെ ഭരണനൈപുണ്യം വ്യക്തമായ ഒരു സന്ദർഭം അഞ്ചാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതാണ്. ഫൈറ്റർ വിമാനം പറത്തൽ കൂടുതൽ അപകടകരമായതിനാൽ ഫൈറ്റർ പൈലറ്റുമാർക്ക് പ്രതിമാസം 10,000 രൂപ റിസ്ക് അലവൻസായി നൽകാൻ കമ്മിഷൻ നിർദേശിച്ചത് സർക്കാർ അംഗീകരിച്ചതു വ്യോമസേനയിലെ ചരക്ക്–യാത്രാവിമാന പൈലറ്റുമാരെയും ഹെലികോപ്റ്റർ പൈലറ്റുമാരെയും പ്രകോപിപ്പിച്ചു. സൈനികർ സമരം ചെയ്യുന്നതു കടുത്ത കുറ്റമായതിനാൽ പൈലറ്റുമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളുമാണു സമരത്തിനിറങ്ങിയത്. എയർ ബേസുകൾ പിക്കറ്റ് ചെയ്യുക, ബേസ് കമാൻഡറെ തടഞ്ഞുവയ്ക്കുക തുടങ്ങിയ നടപടികളിൽ വരെ എത്തി.

ഇതെല്ലാം വാർത്തയായി. പ്രതിഷേധത്തിന്റെ റിങ് ലീഡർമാരെന്നു സംശയിക്കുന്ന ഓഫിസർമാരെ തടവിലാക്കിയെങ്കിലും പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാനാവാതെയായി. ‘ഇന്ത്യയിൽ സൈനികവിപ്ലവം’ എന്നുവരെ പാക്കിസ്ഥാനിലെയും മറ്റു വിദേശരാജ്യങ്ങളിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാലഞ്ചു ദിവസം ഇങ്ങനെ പോയതോടെ മുലായം സിങ് യാദവ് ഒരു അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് ഏതാനും മാധ്യമപ്രവർത്തകരെ വിളിച്ചു. നാവികസേനയുടെ മെസ്സിൽ കാണാമെന്നാണ് അറിയിച്ചിരുന്നത്. അവിടെക്കണ്ട കാഴ്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സാധാരണ മാധ്യമപ്രവർത്തകർ എത്തിയശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന മന്ത്രിയും 3 സേനാ മേധാവികളും ഒരു മേശയ്ക്കു ചുറ്റും ചായയും കുടിച്ച് പത്രക്കാരെ കാത്തിരിക്കുന്നു.

നടന്ന സംഭവങ്ങളെല്ലാം 3 പേരും വിശദീകരിച്ചു. വ്യോമസേനയിൽ മാത്രമല്ല, മറ്റു സേനാവിഭാഗങ്ങളിലും പ്രശ്നങ്ങളുണ്ടെന്നു പോലും അവർ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി പ്രതിരോധ സെക്രട്ടറി അധ്യക്ഷനായും 3 വൈസ് ചീഫുമാർ അംഗങ്ങളായുമുള്ള സമിതി രൂപീകരിക്കയാണെന്നും അറിയിച്ച ശേഷം മുലായം പറഞ്ഞു:

‘ഇനി എനിക്കൊരു അഭ്യർഥനയുണ്ട്. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നിങ്ങൾക്ക് ഇത് സംബന്ധിച്ച് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ‘സൈനികവിപ്ലവം ’ എന്ന വാക്കു മാത്രം ഉപയോഗിക്കരുത്. അതു സൈന്യത്തെ സംബന്ധിച്ചിടത്തോളം വളരെ സെൻസിറ്റീവ് ആണെന്ന് മേധാവിമാർ എന്നോട് പറയുന്നു. ഇനി നിങ്ങളുടെ ഇഷ്ടം.’

പ്രതിഷേധം സംബന്ധിച്ച വാർത്തകൾ പിറ്റേന്നും വന്നു. എന്നാൽ ‘സൈനികവിപ്ലവം’ എന്ന വാക്ക് അതോടെ വാർത്തകളിൽ നിന്ന് അപ്രത്യക്ഷമായി. താമസിയാതെ പ്രതിഷേധവും അടങ്ങി. വൻ രാജ്യരക്ഷാ പ്രതിസന്ധിയാവാമായിരുന്ന പ്രശ്നം അതോടെ ഒരു ഭരണകാര്യ പ്രശ്നമായി തണുത്തു.

English Summary: Mulayam Singh as defence minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com