ADVERTISEMENT

ന്യൂഡൽഹി ∙ സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും 3 തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് (82) അന്തരിച്ചു. നിലവിൽ ലോക്സഭാംഗമാണ്. സംസ്കാരം ഇന്നു 3 ന് ജന്മനാടായ യുപിയിലെ ഇറ്റാവ സയിഫായി ഗ്രാമത്തിൽ. ഈ മാസം 2 മുതൽ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

യുപിയിലും കേന്ദ്രത്തിലുമായി 50 വർഷത്തിലേറെ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. 10 തവണ യുപി നിയമസഭയിലും ഒരു തവണ ലെജിസ്ലേറ്റീവ് കൗൺസിലിലും 7 തവണ ലോക്സഭയിലും അംഗമായിരുന്നു.

വിദ്യാർഥിയായിരിക്കെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം മയിൻപുരി ജില്ലയിലെ ജെയിൻ ഇന്റർ കോളജിൽ അധ്യാപകനായിരുന്നു. 1964ൽ‍ ജോലി രാജിവച്ചു. 1967ലാണ് ആദ്യമായി നിയമസഭാംഗമായത്.

1989–91, 1993–95, 2003–07 എന്നിങ്ങനെ മൂന്നുതവണയായി 6 വർഷവും 9 മാസവും യുപി മുഖ്യമന്ത്രിയായിരുന്നു. ചരൺ സിങ്, വി.പി.സിങ്, ചന്ദ്രശേഖർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച മുലായം, 1992ലാണു സമാജ്‌വാദി പാർട്ടി സ്ഥാപിക്കുന്നത്. 1996–98ൽ ദേവെഗൗഡ, ഗുജ്റാൾ മന്ത്രിസഭകളിൽ‍ പ്രതിരോധമന്ത്രിയായിരുന്നു.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ഭൂരിപക്ഷം നേടിയെങ്കിലും മകൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകട്ടെയെന്ന് മുലായം തീരുമാനിച്ചു. 2017ൽ അഖിലേഷ് പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു, മുലായം സിങ് രക്ഷാധികാരിയായി. ഭാര്യമാർ: മാലതി ദേവി, സാധന ഗുപ്ത. മുൻ എംപി ഡിംപിൾ യാദവ് മരുമകളാണ്.

 

English Summary: Mulayam Singh Yadav passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com