ADVERTISEMENT

രാഷ്ട്രീയ–സംഘടനാ കാര്യങ്ങളിൽ ദേശീയ നേതൃത്വത്തിനെതിരായ നിലപാടുമായി സിപിഐ കേരള ഘടകം രംഗത്ത്. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്താനാവില്ലെന്നു കേരളം വ്യക്തമാക്കി. ജനറൽ സെക്രട്ടറി ഡി.രാജയെ ഉന്നമിട്ട് ‘പരാജയപ്പെട്ട കമാൻഡർമാർക്കു യുദ്ധമുന്നണിയിൽ ആ സ്ഥാനത്ത് തുടരാൻ കഴിയില്ല’ എന്നും തുറന്നടിച്ചു.

ബിജെപിയെ താഴെയിറക്കണമെങ്കിൽ ‘ഗ്രാൻഡ് ഓൾഡ് പാർട്ടി’യായ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഭാഗമായേ തീരൂവെന്നു രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ നേർക്കുനേർ പോരാട്ടം തന്നെയാണ്. എന്നാൽ രാജ്യത്താകെ സാന്നിധ്യമുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്നു രാജാജി പറഞ്ഞു. കോൺഗ്രസിന് പഴയ പ്രസക്തിയില്ലെന്ന കരടുരാഷ്ട്രീയ പ്രമേയത്തെയാണ് ഇതിലൂടെ കേരളം ചോദ്യം ചെയ്തത്.

പ്രവർത്തകർക്ക് ആത്മവീര്യം നൽകാനാകാത്ത നേതൃത്വമാണു പാർട്ടിക്കുള്ളതെന്നു ദേശീയ നേതൃത്വത്തെ ലാക്കാക്കി മന്ത്രി പി.പ്രസാദ് ആഞ്ഞടിച്ചു. സേനാ നായകൻ പരാജയപ്പെട്ടാൽ മാറ്റുകയല്ലാതെ വഴിയില്ല. പാർട്ടി നേതൃത്വം ‘ആലങ്കാരിക ആഡംബരം’ അല്ലെന്നും രാജയുടെ പേരു പരാമർശിക്കാതെ പ്രസാദ് പറഞ്ഞു. കർഷക സമരത്തിൽ നമ്മുടെ പങ്ക് എന്തായിരുന്നു എന്നും ചോദിച്ചു.

മറ്റു സംസ്ഥാനക്കാരും ദേശീയ നേതൃത്വത്തിനെതിരെ സ്വരം കടുപ്പിച്ചു. സാഹചര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാകാത്ത ഭാവനാശൂന്യനേതൃത്വമാണു പാർട്ടിയുടേത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ പോലും സമഗ്രമല്ലെന്നു വിമർശനമുണ്ടായി.

പാർട്ടി കോൺഗ്രസിൽ ഉയർന്നത് സ്വയംവിമർശനമാണ്. ആരെയും ലക്ഷ്യമിട്ടല്ല. ഒരു കക്ഷിയെക്കുറിച്ചും പ്രത്യേകം ചർച്ച ചെയ്തില്ല. മതനിരപേക്ഷ ശക്തികളെക്കുറിച്ചാണ് പരാമർശിച്ചത്.

കേരള ഘടകം ചർച്ച ചെയ്തെടുത്ത അഭിപ്രായങ്ങൾ അവതരിപ്പിക്കാനാണു പി.പ്രസാദിനെയും രാജാജിയെയും നിയോഗിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തു രാജ തുടരുമെന്ന സൂചനകൾ നിലനിൽക്കെയാണ് കേരളം മൂർച്ച കൂട്ടിയത്. രാജ തുടരുമോയെന്നു പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും വനിതാ ജനറൽ സെക്രട്ടറി വേണമെന്ന പ്രചാരണത്തിനു പ്രസക്തിയില്ലെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗർ പ്രതികരിച്ചു.

 

 

English Summary: CPI party Congress: Kerala unit calls for open alliance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com