ADVERTISEMENT

വിജയവാഡ ∙ സിപിഐയുടെ ദേശീയ, സംസ്ഥാന കൗൺസിലുകളിൽ അംഗമാകാനുള്ള പ്രായപരിധി 75 വയസ്സ് ആയി നിജപ്പെടുത്തി. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതി പാർട്ടി കമ്മിഷൻ വോട്ടിനിട്ട് അംഗീകരിച്ചു. കമ്മിഷന്റെ ശുപാർശ ഇന്നു ചേരുന്ന പാർട്ടി കോൺഗ്രസ് അന്തിമമാക്കും. കേരളത്തിൽ അടക്കം തർക്ക വിഷയമായിരുന്നു 75 വയസ്സ് പരിധി.

‘പാർട്ടി ഭരണഘടന–പരിപാടി’ ചർച്ച ചെയ്ത കമ്മിഷനിൽ വന്നപ്പോൾ ഇതിനെ ഒരു വിഭാഗം എതിർത്തു. പാർട്ടിയിൽ പ്രായപരിധി വയ്ക്കുന്നത് പ്രായോഗികമല്ല എന്നായിരുന്നു ഇവരുടെ വാദം. യുവത്വം കൊണ്ടുവരാൻ ഇത് ആവശ്യമാണെന്നു പ്രസീഡിയത്തിനു വേണ്ടി പല്ലബ് സെൻ ഗുപ്തയും കാനം രാജേന്ദ്രനും വ്യക്തമാക്കി. ഇരുനൂറോളം അംഗങ്ങൾ ഉണ്ടായിരുന്ന കമ്മിഷനിൽ 13 പേർ എതിർത്ത് വോട്ടു ചെയ്തു. 

ദേശീയ, സംസ്ഥാന കൗൺസിൽ, നിർവാഹകസമിതി എന്നിവയിൽ 75 വയസ്സിൽ കൂടുതൽ പ്രായം ഉള്ളവർക്ക് ഇനി അംഗമാകാൻ കഴിയില്ല. ദേശീയ, സംസ്ഥാന ഭാരവാഹികൾക്കും ഇതു ബാധകമായിരിക്കും. സംസ്ഥാന അസി. സെക്രട്ടറിമാരിൽ ഒരാൾക്ക് 65 വയസ്സിൽ താഴെ ആയിരിക്കണം പ്രായം എന്ന മാർഗരേഖയിലെ വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഏതെങ്കിലും ഒരു ഘടകം നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ ഇളവ് ആവശ്യപ്പെട്ടാൽ അനുവദിക്കാമെന്ന വ്യവസ്ഥയും ഉപേക്ഷിച്ചു. പ്രായപരിധി കർശനമായി നടപ്പാക്കപ്പെടുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. കേരളത്തിൽനിന്നു 75 പിന്നിട്ട ദേശീയ നിർവാഹകസമിതി അംഗം കെ.ഇ.ഇസ്മായിൽ, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ എന്നിവർ ഈ ഘടകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടും.

75ന് പകരം 80 വയസ്സ് പരിധി ആക്കണമെന്ന ഭേദഗതി കേരളത്തിൽനിന്നുളള വി.ബി.ബിനു അവതരിപ്പിച്ചു. ഭൂരിപക്ഷാഭിപ്രായം 75ന് അനുകൂലമായതോടെ ഈ ഭേദഗതി അദ്ദേഹം പിൻവലിച്ചു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ നാലാംതവണയും തുടരാമെന്ന ഭരണഘടനാ ഭേദഗതി ഉപേക്ഷിക്കണമെന്ന കെ.ഇ.ഇസ്മായിലിന്റെ ഭേദഗതി കമ്മിഷൻ  നിരാകരിച്ചു.

Content Highlight: CPI Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com