ADVERTISEMENT

ഡെറാഡൂൺ ∙ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൂജ നടത്തി. ഉത്തരാഖണ്ഡിലെ 2 ദിവസത്തെ സന്ദർശനത്തിനിടെ നിരവധി വികസനപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. സംസ്ഥാനത്തെ പരമ്പരാഗത വേഷമണിഞ്ഞാണ് ക്ഷേത്രദർശനത്തിന് മോദി എത്തിയത്. 

ഗൗരീകുണ്ഡിൽ നിന്ന് അരമണിക്കൂർ കൊണ്ട് കേദാർനാഥ് ക്ഷേത്രത്തിൽ എത്താൻ സഹായിക്കുന്ന, 9.7 കിലോമീറ്റർ നീളം വരുന്ന റോപ്​വേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. കേദാർനാഥിൽ ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. പ്രധാനമന്ത്രി ആയശേഷം കേദാർനാഥ് ആറാം തവണയും ബദരിനാഥ് രണ്ടാം തവണയും ആണ് മോദി സന്ദർശിക്കുന്നത്. 

മുൻ സർക്കാരുകൾ പതിറ്റാണ്ടുകളോളം തീർഥാടന കേന്ദ്രങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് മാന ഗ്രാമത്തിൽ പൊതുസമ്മേളനത്തിൽ മോദി പറഞ്ഞു. കാശി, ഉജ്ജയിനി, അയോധ്യ തുടങ്ങിയ സ്ഥലങ്ങളിൽ വൻ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. അടിമത്ത ഭാവം മനസ്സിൽ പേറുന്നവർ മറ്റു രാജ്യങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെപ്പറ്റി വാചാലരാകുകയും നമ്മുടെ നാടിനോട് അവജ്ഞ പ്രകടിപ്പിക്കുകയും ചെയ്യും. നമ്മുടെ തീർഥാടന കേന്ദ്രങ്ങൾ ആയിരക്കണക്കിനു വർഷം പഴക്കമുള്ള പൈതൃകത്തിന്റെ കൂടി ഭാഗമാണെന്നും മോദി പറഞ്ഞു. 

ദീപാവലിക്ക് മോദി അയോധ്യയിൽ

ന്യൂഡൽഹി ∙ ദീപാവലി ദിവസം വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് പൂജ നടത്തും. 15 ലക്ഷത്തോളം ദീപം തെളിയിക്കുന്ന ദീപോത്സവിൽ മോദി പങ്കെടുക്കും. 6 വർഷമായി നടത്തുന്ന ദീപോത്സവിൽ മോദി ആദ്യമായാണ് പങ്കെടുക്കുന്നത്. രാമക്ഷേത്ര നിർമാണത്തിന്റെ പുരോഗതിയും വിലയിരുത്തും. 

English Summary: Prime Minister Narendra Modi reaches Badrinath temple after performing 'puja' at Kedarnath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com