ADVERTISEMENT

ന്യൂഡൽഹി ∙ വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സർക്കാരുകൾ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസംഗം നടത്തുന്നയാളുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നടപടിയെടുക്കാതിരിക്കുന്നതു കോടതിയലക്ഷ്യമായി കാണുമെന്നും മുന്നറിയിപ്പു നൽകി. ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകളോടു വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എടുത്ത നടപടി റിപ്പോർട്ടായി നൽകാൻ കോടതി നിർദേശിച്ചു. 

രാജ്യത്തെ മുസ്‌ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷപ്രസംഗങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷഹീൻ അബ്ദുല്ല നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി സുപ്രീം കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പ്രത്യേക സമുദായത്തെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നു ഡൽഹി എംപിയും ബിജെപി നേതാവുമായ പർവേശ് വർമ പ്രസംഗിച്ച കാര്യം ഹർജിക്കാരനുവേണ്ടി കപിൽ സിബൽ പരാമർശിച്ചു. പല തവണ പരാതി നൽകിയിട്ടും ഈ കോടതിയോ ഭരണകൂടമോ തൽസ്ഥിതി റിപ്പോർട്ട് തേടുകയല്ലാതെ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുസ്‍ലിം സമുദായത്തിൽപ്പെട്ടവരും വിദ്വേഷ പ്രസംഗം നടത്താറുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഇത്തരത്തിൽ പ്രസംഗം നടത്തുന്ന ആരെയും വെറുതെവിടരുതെന്നായിരുന്നു സിബലിന്റെ മറുപടി. ഹരിദ്വാറിൽ ധർമ സൻസദ് എന്ന പേരിൽ നടന്ന മതസമ്മേളനത്തിൽ നടന്ന വിദ്വേഷപ്രസംഗം ഉൾപ്പെടെ രാജ്യമെങ്ങും നടക്കുന്ന സമാന സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തെ ലക്ഷ്യമാക്കിയുള്ള കുറ്റകൃത്യങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കോടതി നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ പറയുന്നത് ശാസ്ത്രീയമായ കാഴ്ചപ്പാട് വളർത്തിയെടുക്കണമെന്നാണ്. ഇത് 21–ാം നൂറ്റാണ്ടാണ്. എന്നാൽ, മതത്തിന്റെ പേരിൽ നമ്മൾ എവിടെ എത്തിനിൽക്കുന്നു? ഇതു പരിതാപകരമാണ്.

വിദ്വേഷ പ്രസ്താവന ആര് നടത്തിയാലും തെറ്റ്: കോടതി

നമ്മുടെ രാജ്യം ജനാധിപത്യവും മതനിരപേക്ഷവുമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഹർജിയിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. എന്നാൽ, ഒരു സമുദായത്തിനെതിരായ പരാമർശങ്ങൾ മാത്രമാണു കോടതിയിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ലക്ഷ്യംവയ്ക്കാനുള്ള സ്ഥാപനമായി സുപ്രീം കോടതിയെ കാണാനാകില്ല. ഇത്തരം പ്രസ്താവനകൾ ആര് നടത്തിയാലും അപലപനീയമാണെന്ന് ജസ്റ്റിസ് റോയ് പറഞ്ഞു.  

English Summary: Supreme Court To Government On Hate Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com