ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വിമതർ പിന്മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ഇരു പാർട്ടികളിലുമായി മുപ്പതോളം റിബലുകളാണു പത്രിക നൽകിയിട്ടുള്ളത്.

ബിജെപിയിൽ കോൺഗ്രസിൽ നിന്നു വന്നവർക്കു സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസിൽ ബിജെപി വിട്ടു വന്നവർക്കും നേതാക്കളുടെ കുടുംബക്കാർക്കും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചുമാണു വിമതർ കളത്തിലിറങ്ങിയത്.

ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി വിമതരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. കോൺഗ്രസിൽ പിസിസി അധ്യക്ഷ പ്രതിഭാ സിങ് തന്നെയാണ് വിമതരുമായി ചർച്ച നടത്തുന്നത്.

ബിജെപിയിൽ മുൻ എംപി മഹേശ്വർ സിങ്ങും (കുളു സദർ), മകൻ ഹിതേശ്വറും (ബൻജാർ) ആണ് പ്രമുഖ വിമതർ. ഹിതേശ്വർ നൽകിയ പത്രിക പിൻവലിക്കാൻ പ്രേരിപ്പിച്ചില്ലെന്നതിനാൽ മഹേശ്വർ സിങ്ങിന്റെ സ്ഥാനാർഥിത്വം പാർട്ടി റദ്ദാക്കിയിരുന്നു. ഇതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇരുവരുമായും നഡ്ഡ നടത്തിയ ചർച്ചയിൽ മഞ്ഞുരുകിയെന്നാണു സൂചന.

പാർട്ടി വൈസ് പ്രസിഡന്റ് റാം സിങ്ങും കുളു സദറിൽ പത്രിക നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉപതിരഞ്ഞെടുപ്പിലും വിമതനായിരുന്ന മുൻ രാജ്യസഭാംഗം കൃപാൽസിങ് പാർമർ ഫത്തേപുരിൽ പത്രിക നൽകി. ഇതിനു പുറമേ ഒരു ഡസനോളം നേതാക്കളും മുൻ എംഎൽഎമാരും രംഗത്തുണ്ട്.

കോൺഗ്രസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഭുവനേശ്വർ ഗൗർ മണാലിയിൽ പത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമിതി ചെയർമാൻ സുഖ്‌വിന്ദർ സിങ് അടക്കമുള്ളവർ ഘോഷയാത്രയായി ചെന്നാണു പത്രിക സമർപ്പിച്ചത്. 

മുൻ പിസിസി പ്രസിഡന്റ് കുൽദീപ് കുമാർ ചിന്ത്പുർനിയിലും മുൻ എംഎൽഎമാരായ ജഗ്ജീവൻ പാൽ സുല്ലയിലും സുഭാഷ് മംഗ്ലറ്റ് ഛോപലിലും വിമത സ്ഥാനാർഥികളാണ്. എട്ടിലേറെ മറ്റു നേതാക്കളും പല മണ്ഡലങ്ങളിലും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. 

ഹിമാചലിലെ 68 മണ്ഡലങ്ങളിൽ 34ലും കഴിഞ്ഞ തവണ 5000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വിമതരുടെ സാന്നിധ്യം പാർട്ടികളെ അസ്വസ്ഥരാക്കുന്നത് അതുകൊണ്ടാണ്. 

മോദിയുടെ റാലി നവംബർ 5 മുതൽ

ഹിമാചൽപ്രദേശിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 5 മുതൽ 9 വരെ എത്തും. ഷിംല, ഹാമിർപുർ, കാംഗ്ര, മണ്ഡി എന്നിവിടങ്ങളിലായിരിക്കും റാലികൾ. അമിത് ഷാ, ജെ.പി.നഡ്ഡ, രാജ്നാഥ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ്, മനോഹർ ലാൽ ഖട്ടർ തുടങ്ങിയവരും പ്രചാരണത്തിനെത്തും.

ഗുജറാത്ത്: മഹേന്ദ്രസിങ് വഗേല വീണ്ടും കോൺഗ്രസിൽ

അഹമ്മദാബാദ് ∙ നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ, ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ മകൻ മഹേന്ദ്രസിങ് വഗേല (58) കോൺഗ്രസിൽ തിരിച്ചെത്തി. 2012 മുതൽ 2017 വരെ കോൺഗ്രസ് എംഎൽഎ ആയിരുന്ന മഹേന്ദ്രസിങ് പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ഇതിനിടെ, ആം ആദ്മി പാർട്ടി 13 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ഇതുൾപ്പെടെ 7 പട്ടികയിലായി 86 സ്ഥാനാർഥികളെയാണ് അവർ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

തെലങ്കാന: കൂറുമാറ്റ ആരോപണം അന്വേഷിക്കണമെന്ന് ബിജെപി

ന്യൂഡൽഹി ∙ തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിച്ചെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നൽകി. മനുഗുഡ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ടിആർഎസിന്റെ നാടകമായിരുന്നു ഇതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനെ അറിയിച്ചു. 

ഒഡീഷയിൽ ഭരണകക്ഷിയായ ബിജെഡി വ്യാജ വിഡിയോ പ്രചാരണത്തിലൂടെ കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രതിഛായ തകർക്കാൻ നടത്തിയ ശ്രമവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ധാംനഗർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നതിന്റെ വിഡിയോ വ്യാജമാണെന്നും നിവേദനത്തിൽ പറയുന്നു.

Content Highlight: Himachal Pradesh Assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com