ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നത് ?: ഇഡിയോട് കോടതി
Mail This Article
ന്യൂഡൽഹി ∙ സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണു നടിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി ചോദിച്ചു. ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
‘ലുക്ഔട്ട് നോട്ടിസ് നൽകിയിട്ടും എന്തുകൊണ്ടാണു നിങ്ങൾ ജാക്വിലിനെ അറസ്റ്റ് ചെയ്യാത്തത്? മറ്റു പ്രതികൾ ജയിലിലാണ്. എന്തിനാണ് ഇത്തരമൊരു നയം സ്വീകരിക്കുന്നത്?’ കോടതി ആരാഞ്ഞു. നടി രാജ്യം വിടുന്നതു തടയാൻ ലുക് ഔട്ട് നോട്ടിസ് നൽകിയെന്നും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു.
ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതോളം പേർ ഇതിനോടകം അറസ്റ്റിലായി. സുകാഷിൽനിന്നു സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിൻ നേരിടുന്നത്.
English Summary: Why haven’t you arrested Jacqueline Fernandez ?: Delhi court asks ED