ADVERTISEMENT

മുംബൈ ∙ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കേസിൽ അറസ്റ്റിലായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്കു (73) ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) സുപ്രീംകോടതിയെ സമീപിക്കാൻ സമയം നൽകുന്നതിന് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തേൽതുംബ്ഡെ ഏതെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു. 

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം തെളിഞ്ഞാൽ പോലും പരമാവധി 10 വർഷമാണ് ശിക്ഷയെന്നും ഇപ്പോൾ തന്നെ അദ്ദേഹം 2 വർഷം ജയിലിൽ കഴിഞ്ഞതായും ജസ്റ്റിസ് എ.എസ്.ഗഡ്കരി, ജസ്റ്റിസ് എം.എൻ.ജാദവ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

2020 ഏപ്രിലിൽ അറസ്റ്റിലായ തേൽതുംബ്ഡെ നവിമുംബൈയിലെ തലോജ ജയിലിലാണ്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 ഡിസംബർ 31ന് പുണെയിലെ ഭീമ-കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സംഗമത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നെന്നും അതിൽ തേൽതുംബ്ഡെ പങ്കെടുത്തുവെന്നുമാണ് കേസ്.

അതേസമയം സംഗമത്തിൽ താൻ പങ്കെടുക്കുകയോ പ്രകോപനപരമായി പ്രസംഗിക്കുകയോ ചെയ്തിട്ടില്ലെന്ന് തേൽതുംബ്ഡെ വാദിക്കുന്നു. ഈ കേസുകളിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് തേൽതുംബ്ഡെ. കവി വരവര റാവു, സുധ ഭരദ്വാജ് എന്നിവർക്കാണ് നേരത്തെ ജാമ്യം കിട്ടിയത്. ഡോ. അംബേദ്കറുടെ കൊച്ചുമകൾ രമയെ ആണ് മുൻ ഐഐടി പ്രഫസർ കൂടിയായ തേൽതുംബ്ഡെ വിവാഹം കഴിച്ചിട്ടുള്ളത്. 

English Summary: Bhima Koregson case: Bombay high court grants bail to Anand Teltumbde but stays order for a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com