ADVERTISEMENT

മുംബൈ ∙ ഭീമ–കൊറേഗാവ് കലാപക്കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെ (70) 4 വർഷത്തിനു ശേഷം ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് 6നു നവിമുംബൈ തലോജ ജയിലിൽ നിന്നു പുറത്തിറങ്ങിയ നവ്‌ലാഖ ബേലാപുരിൽ സിപിഎമ്മിന്റെ ലൈബ്രറി മന്ദിരത്തിന്റെ ഒരു ഭാഗത്താകും ആദ്യ ഒരു മാസം താമസിക്കുക.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ പരിഗണിച്ച് വീട്ടു തടങ്കലിൽ വിടാനുള്ള പ്രത്യേക കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നൽകിയ അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്ചയാണു തള്ളിയത്. 

എൻഐഎയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, അദ്ദേഹത്തെ 24 മണിക്കൂറിനകം ജയിലിൽ നിന്നു താമസസ്ഥലത്തേക്കു മാറ്റാനും ആവശ്യപ്പെട്ടിരുന്നു. നവ്‌ലാഖ ജയിലിൽ നരകിക്കുകയാണെന്ന് ജീവിത പങ്കാളി സഹ്ബ ഹുസൈൻ നേരത്തേ ആരോപിച്ചിരുന്നു. ഡൽഹി സ്വദേശിയാണ് അദ്ദേഹം.

2017 ഡിസംബർ 31ന് സംഘടിപ്പിച്ച ദലിത് സംഗമം (എൽഗാർ പരിഷത്ത്) ആണു ഭീമ–കൊറേഗാവ് കലാപത്തിനിടയാക്കിയതെന്നാണ് എൻഐഎ ആരോപണം. മലയാളികളായ റോണ വിൽസൻ, ഹനി ബാബു തുടങ്ങിയവരുൾപ്പെടെ 16 മനുഷ്യാവകാശപ്രവർത്തകരെ കേസിൽ അറസ്റ്റ് ചെയ്തു. ഇവരിൽ ജസ്യൂട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമി ജയിൽവാസത്തിനിടെ മരിച്ചു. അഭിഭാഷക സുധ ഭരദ്വാജ്, കവി വരവര റാവു എന്നിവർ ജാമ്യത്തിലാണ്. 

മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്കു വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും അപ്പീൽ നൽകാൻ എൻഐഎ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഉത്തരവ് ഹൈക്കോടതി തന്നെ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

English Summary: Gautam Navlakha moved to house arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com