ബാപ്പുവിനെ വധിക്കാൻ മികച്ച തോക്ക് കണ്ടെത്താൻ ഗോഡ്സെയെ സവർക്കർ സഹായിച്ചു: തുഷാർ ഗാന്ധി

HIGHLIGHTS
  • സവർക്കറോടുള്ള ആദരവിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ശിവസേന (ഉദ്ധവ് വിഭാഗം)
tushar-gandhi-and-savarkar
തുഷാർ ഗാന്ധി, വി.ഡി.സവർക്കർ
SHARE

മുംബൈ ∙ മഹാത്മാ ഗാന്ധിയെ വധിക്കാൻ ‘മെച്ചപ്പെട്ട’ തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്സെയെ വി.ഡി.സവർക്കർ സഹായിച്ചെന്ന ആരോപണവുമായി ഗാന്ധിജിയുടെ മകന്റെ കൊച്ചുമകനായ തുഷാർ ഗാന്ധി രംഗത്ത്. രാഹുൽ ഗാന്ധി സവർക്കർക്കെതിരെ ഉന്നയിച്ച വിമർശനങ്ങളുടെ ചൂട് അടങ്ങുംമുമ്പാണ് ട്വിറ്ററിൽ തുഷാറിന്റെ ആരോപണം. 

സവർക്കർ ബ്രിട്ടിഷുകാരെ സഹായിച്ചിട്ടുണ്ടെന്നും അവർക്കു മുന്നിൽ ദയാഹർജി സമർപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞയാഴ്ച രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ തുഷാർ പങ്കെടുത്തിരുന്നു.   

‘‘സവർക്കർ ബ്രിട്ടിഷുകാരെ  മാത്രമല്ല, ബാപ്പുവിനെ വധിക്കാൻ മികച്ച തോക്ക് കണ്ടെത്താൻ ഗോഡ്സെയെയും സഹായിച്ചിട്ടുണ്ട്. ബാപ്പുവിനെ വധിക്കുന്നതിനു 2 ദിവസം മുൻപുവരെ ഗോഡ്സെയുടെ പക്കൽ നല്ലയിനം തോക്ക് ഇല്ലായിരുന്നു. 1930 കളിൽ ഗാന്ധിജിയെ വകവരുത്താൻ പലവട്ടം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. വിദർഭയിലെ അകോളയിൽ കൊലപ്പെടുത്താനുളള നീക്കം സംബന്ധിച്ച് സാമൂഹിക പ്രവർത്തകൻ പ്രബോധൻകർ താക്കറെ നൽകിയ മുന്നറിയിപ്പ് ബാപ്പുവിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. 

ഗാന്ധിയെ വകവരുത്താനുള്ള ശ്രമങ്ങളിൽ നിന്നു പിൻമാറാൻ സനാതനി ഹിന്ദു സംഘടനാ നേതാക്കളോട് പ്രബോധൻകർ താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറും സനാതനി ഹിന്ദു നേതാക്കളായിരുന്നു – തുഷാർ പറഞ്ഞു. ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയുടെ പിതാവും ഉദ്ധവ് താക്കറെയുടെ മുത്തച്ഛനുമാണ് പ്രബോധൻകർ താക്കറെ. 

അതേസമയം, തുഷാറിന്റെ ആരോപണങ്ങൾ ബിജെപി നേതാക്കൾ തള്ളി. ഗാന്ധി വധക്കേസിൽ സവർക്കറെ കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളതാണെന്നും എന്നിട്ടും ചിലർ അദ്ദേഹത്തെ അതിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. 

അതിനിടെ, മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാണെങ്കിലും സവർക്കറോടും ഹിന്ദുത്വത്തോടുമുള്ള ആദരവിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് എംപി വ്യക്തമാക്കി.

English Summary: Savarkar helped Godse select good gun to shoot Mahatma Gandhi alleges Tushar Gandhi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA