ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ ബഹളങ്ങളൊന്നും പുറത്തു കാണുന്നില്ലെങ്കിലും ഉള്ളിൽ തീ പറക്കുന്നുണ്ട് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ (29) മത്സരിക്കുന്ന വിരംഗം മണ്ഡലത്തിൽ. പട്ടേൽ വിഭാഗത്തിൽനിന്നു കുതിച്ചുയർന്നു വന്നു ദേശീയ ശ്രദ്ധയാകർഷിച്ച നേതാവായി, പിന്നീടു കോൺഗ്രസിലെത്തി 5 മാസം മുൻപു ബിജെപിയിൽ ചേർന്ന ഹാർദിക്കിന് കടുത്ത പരീക്ഷണമാണ് ഇവിടെ; ഹാർദിക് അതു സമ്മതിക്കുന്നില്ലെങ്കിലും. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ലഖാഭായ് ഭർവാദിനെ നേരിടുന്ന ഹാർദിക്കിനു വലിയ വെല്ലുവിളി ബിജെപിയിൽനിന്നു തന്നെയാണെന്നാണ് അടക്കം പറച്ചിൽ. 

പട്ടേൽ സംവരണമെന്ന മുദ്രാവാക്യവുമായി ഗുജറാത്ത് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കിയ ഹാർദിക് 2017 ൽ ബിജെപിയുടെ കുതിപ്പ് 99 സീറ്റിലൊതുക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്നു വർക്കിങ് പ്രസിഡന്റായ അദ്ദേഹം പട്ടേൽ സംവരണ മുദ്രാവാക്യം പാതിവഴിയിലുപേക്ഷിച്ചതു സമുദായത്തിൽ വലിയ പ്രതിഷേധമുണ്ടാക്കി. 

ഇത്രയും വർഷം നരേന്ദ്ര മോദിയെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ഹാർദിക് പട്ടേലിന് സീറ്റു നൽകിയത് മണ്ഡലത്തിലെ ബിജെപിക്കാർക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിലും നാമനിർദേശ പത്രിക നൽകുന്ന വേളയിൽ കേന്ദ്രമന്ത്രി മഹേന്ദ്ര മുൻജപറയെയും സംസ്ഥാന നേതാക്കളെയും അണിനിരത്തി പാർട്ടി ഹാർദിക്കിനെ ഹാ‍ർദമായി പിന്തുണച്ചു.  

2012 ൽ ഈ മണ്ഡലത്തിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന തേജശ്രീ ബെൻ പട്ടേൽ 2017 ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ തോൽപിച്ചു വിട്ട മണ്ഡലമാണ് വിരംഗം. അവിടെ മോശമല്ലാത്ത പ്രാതിനിധ്യമുള്ള ഭർവാദ് സമുദായത്തിന്റെ പ്രതിനിധിയാണ് ലഖഭായ് ഭർവാദ്. അരലക്ഷത്തോളം പട്ടേൽ വോട്ടർമാരുണ്ട്. അവരും മറ്റു വിഭാഗക്കാരുമെല്ലാം പിന്തുണയ്ക്കുമെന്നാണ് ഹാർദിക്കിന്റെ പ്രതീക്ഷ. 

എന്നാൽ, ഹാർദിക്കിനു കാര്യങ്ങൾ കടുപ്പമായിരിക്കുമെന്ന് കോൺഗ്രസ് പറയുന്നു. ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. ഠാക്കൂർ വിഭാഗക്കാരനായ അമർസിങ് ഠാക്കുറാണ് അവരുടെ സ്ഥാനാർഥി. 65,000 വരുന്ന ഠാക്കൂർ വോട്ടുകൾ ഭിന്നിച്ചു പോകുമ്പോൾ ഹാർദിക്കിന് ദോഷമാകുമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്. എന്നാൽ, വോട്ടർമാർ തനിക്കൊപ്പം നിൽക്കുമെന്ന് ഹാർദിക് വിശ്വസിക്കുന്നു.

തിരിച്ചറിവുണ്ടാകുമ്പോൾ നിലപാടു മാറും: ഹാ‍ർദിക്

വിജയം അനായാസമെന്ന് ഹാർദിക് പട്ടേൽ ‘മനോരമ’യോടു പറഞ്ഞു. മറിച്ചുള്ളതെല്ലാം രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം മാത്രമാണ്. വിരംഗമിൽ ജനിച്ചു വളർന്നയാളെന്ന നിലയ്ക്ക് മണ്ഡലത്തിന്റെ സ്നേഹം ഒപ്പമുണ്ടാകും. അഭിമുഖത്തിൽ നിന്ന്:

താങ്കളുടെ സ്ഥാനാർഥിത്വത്തെ പ്രാദേശിക ബിജെപി നേതൃത്വം എതിർത്തുവെന്നും അവർ നിസ്സഹകരിക്കുന്നുവെന്നും പറയുന്നത് ശരിയാണോ?

തികച്ചും അവാസ്തവമാണ്. ബിജെപിയുടെ പൂർണ പിന്തുണയും സന്നാഹവും എനിക്കൊപ്പമുണ്ട്. നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ കൂടെ കേന്ദ്രമന്ത്രിയടക്കം വന്നതു കണ്ടില്ലേ?  നിങ്ങൾ പുറത്തു നിന്നു നോക്കുമ്പോൾ കാണുന്ന രാഷ്ട്രീയമല്ല ഗുജറാത്തിലേത്. 

കോൺഗ്രസ് വിട്ടു ബിജെപിയിൽ വന്ന താങ്കളുടെ മുൻഗാമി ഇവിടെ തോറ്റതാണ്. താങ്കളും കോൺഗ്രസ് വിട്ടു ബിജെപിയിൽ വന്നയാളാണ്. ജനങ്ങൾ അതിനോട് പ്രതികരിക്കുന്നതെങ്ങനെയാണ്? 

ജനങ്ങൾ വികസനം മാത്രമാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഇവിടെ ഒന്നും ചെയ്തില്ല. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വികസനം കൊണ്ടുവന്നത്. അത് ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട്.  

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായിരുന്നു താങ്കൾ. ഇപ്പോൾ നിലപാടു മാറ്റുന്നത് ജനങ്ങൾ ഉൾക്കൊള്ളുമോ?

രാഷ്ട്രീയത്തിൽ തിരിച്ചറിവുകളുണ്ടാകുമ്പോൾ നിലപാടുകൾക്കും മാറ്റം വരുമല്ലോ? രാജ്യത്തിന്റെ വികസനവും അതിനു വേണ്ടിയുള്ള സേവനവുമാണ് ഇപ്പോൾ ഞാൻ മുഖ്യമാക്കുന്നത്. അതിനു പറ്റിയ സാഹചര്യത്തിലാണ് ഇപ്പോൾ. മറ്റു സംസ്ഥാനങ്ങളിൽനിന്നു പോലും ഗുജറാത്തിലേക്ക് ആളുകൾ ജോലി തേടിയെത്തുന്ന അവസ്ഥയുണ്ടായത് ബിജെപി കാരണമാണ്. 

പട്ടേൽ വിഭാഗത്തിന് സംവരണമെന്ന മുദ്രാവാക്യം ഉപേക്ഷിച്ചോ?

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണമെന്നത് പട്ടീദാർ പ്രക്ഷോഭത്തിന്റെ കൂടി ഫലമായിരുന്നു. മറ്റു കാര്യങ്ങൾ സമയമാകുമ്പോൾ ലഭ്യമാകും.

Content Highlights: Gujarat Assembly Election 2022, Hardik Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com