തടികടത്തിനെച്ചൊല്ലി മേഘാലയ – അസം സംഘർഷം: 6 മരണം

HIGHLIGHTS
  • മേഘാലയ ഗ്രാമീണർക്കുനേരെ അസം പൊലീസിന്റെ വെടിവയ്പ്
SHARE

കൊൽക്കത്ത ∙ അസം - മേഘാലയ അതിർത്തിയിലെ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടു. അസം പൊലീസ് നടത്തിയ വെടിവയ്പിലാണു മരണമെന്നു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ആരോപിച്ചു. വെസ്റ്റ് ജയന്തിയ ഹിൽസിൽ ഇന്നലെ പുലർച്ചെ 3 ന് അസം പൊലീസും മേഘാലയയിലെ മുക്റോ ഗ്രാമവാസികളും തമ്മിലുള്ള സംഘർഷമാണു വെടിവയ്പിൽ കലാശിച്ചത്. മരിച്ചവരിൽ 5 പേർ മേഘാലയ ഗ്രാമവാസികളും ഒരാൾ അസം ഫോറസ്റ്റ് ഗാർഡുമാണ്.

മേഘാലയയുടെ അധീനതയിലുള്ള മുക്റോ ഗ്രാമത്തിൽ തടികയറ്റിയ ലോറി അസം പൊലീസ്, വനം വകുപ്പ് അധികൃതർ തടഞ്ഞതാണു സംഘർഷത്തിന് തുടക്കമെന്നു മേഘാലയ ആരോപിച്ചു. അസം അതിർത്തിപ്രദേശത്തു നിന്നുള്ള അനധികൃത തടികടത്തു വനംവകുപ്പ് തടയുകയായിരുന്നുവെന്നു അസം പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ആയുധങ്ങളുമായി എത്തിയെന്നും അസം പൊലീസ് ആരോപിച്ചു.

സംഘർഷത്തെത്തുടർന്നു മേഘാലയയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുവാഹത്തിക്കു സമീപം ഷില്ലോങ്ങിലേക്കുള്ള വിനോദസഞ്ചാരികളെ അധികൃതർ തടഞ്ഞു.

കഴിഞ്ഞ വർഷം അസം-മിസോറം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ നടത്തിയ വെടിവയ്പിൽ 6 അസം പൊലീസ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു മേൽനോട്ടം വഹിച്ചാണ് അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. 1972 ൽ ആണ് അസം വിഭജിച്ച് മേഘാലയ രൂപീകരിച്ചത്.

English Summary: Meghalaya - Assam conflict 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.