തിരഞ്ഞെടുപ്പു കമ്മിഷൻ: സ്വതന്ത്ര പ്രവർത്തനം അധരവ്യായാമം മാത്രം

HIGHLIGHTS
  • വിരമിക്കൽ പ്രായം കണക്കുകൂട്ടിയുള്ള നിയമനങ്ങളെന്ന് സുപ്രീം കോടതി വിമർശനം
supreme-court
സുപ്രീം കോടതി
SHARE

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്രപ്രവർത്തനം ഉറപ്പുവരുത്തൽ സർക്കാരിന്റെ വെറും ‘പറച്ചിൽ’ മാത്രമാണെന്നു സുപ്രീം കോടതി വിമർശിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണർ നിയമനകാര്യത്തിൽ പരിഷ്കാരം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ, ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് കെ.എം.ജോസഫാണ് വിമർശനം ഉന്നയിച്ചത്.

തി‌‍രഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനസമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടായിരിക്കുന്നതാണ് ഉചിതം. നിയമനത്തിനു പക്ഷപാതമില്ലാത്ത സംവിധാനം വേണമെന്നും ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം തന്നെ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കുമെന്നും ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു. 

ഇന്ത്യൻ ഭരണഘടന പ്രകാരം, ഇക്കാര്യങ്ങളിൽ കോടതിക്കുള്ള പരിമിതി ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയാണു വാദം തുടങ്ങിവച്ചത്. ഇതിനിടെയാണ് ജസ്റ്റിസ് കെ.എം.ജോസഫ് ഇടപെട്ടത്. 2007 മുതൽ തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ കാലാവധി 2 വർഷമോ അതിൽ താഴെയോ ആയി ചുരുങ്ങുന്ന പ്രതിഭാസമുണ്ട്. 1991 ലെ നിയമപ്രകാരം 6 വർഷമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ കാലാവധി. 65 വയസ്സാകുമ്പോഴേക്കു വിരമിക്കുകയും വേണം. ഈ വിരമിക്കൽ പ്രായം കണക്കുകൂട്ടിയുള്ള നിയമനങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതുവഴി തന്നെ കമ്മിഷണർമാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. 

ഇക്കാര്യത്തിൽ സർക്കാരിന്റെ മറുപടി വേണം. എന്തുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർമാർക്കു പൂർണ കാലാവധി ലഭിക്കാത്തത്. അങ്ങനെ വരുമ്പോൾ അവരെങ്ങനെയാണു ചുമതലകൾ നിർവഹിക്കുക. തൊട്ടടുത്ത ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളിൽ പോലും തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ സ്വതന്ത്ര പ്രവർത്തനത്തിന് കർശന വ്യവസ്ഥകളുണ്ടെന്നും ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാനാകില്ലെന്നും അക്കാര്യം കോടതിക്കു പരിശോധിക്കാവുന്നതാണെന്നും എജി വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. 

English Summary: Supreme Court criticises government of india's stand on election commission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA