ADVERTISEMENT

ന്യൂഡൽഹി ∙ സച്ചിൻ പൈലറ്റ് വഞ്ചകനാണെന്നും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ അദ്ദേഹവും ഏതാനും എംഎൽഎമാരും ബിജെപിയിൽനിന്നു 10 കോടി രൂപ വീതം വാങ്ങിയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തിൽ ഉടനെ തീരുമാനം വേണമെന്നു സച്ചിൻ പക്ഷം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കെയാണ് ഗുരുതരമായ ആരോപണവുമായി ഗെലോട്ട് രംഗത്തെത്തിയത്.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന സച്ചിൻ ആരോപണത്തോടു പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, യാത്രയുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ച സച്ചിൻ, രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുള്ള ഓരോ ചുവടും അനുകൂല മാറ്റമാണ് സൂചിപ്പിക്കുന്നതെന്നും അടിക്കുറിപ്പെഴുതി.

തന്നെ മാറ്റി, വഞ്ചകനും 2020 ൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവനുമായ സച്ചിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഗെലോട്ട് പറഞ്ഞു. അഭിമുഖത്തിൽ 6 തവണയാണ് സച്ചിനെ വഞ്ചകനെന്ന് ഗെലോട്ട് വിളിച്ചത്. സച്ചിന്റെ അട്ടിമറി നീക്കത്തിനു പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെട്ടിട്ടുണ്ട്. സച്ചിനൊപ്പമുള്ള വിമത എംഎൽഎമാർ ഒരു മാസം ഹരിയാനയിലെ ഗുരുഗ്രാമിൽ ഹോട്ടലിൽ താമസിച്ചപ്പോൾ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പലതവണ അവരെ സന്ദർശിച്ചിരുന്നു; സച്ചിൻ ഉൾപ്പെടെ ഓരോ എംഎൽഎയ്ക്കും 10 കോടി രൂപ വീതം നൽകിയെന്നതിനു തെളിവുണ്ട് – ഗെലോട്ട് അവകാശപ്പെട്ടു.

എന്നാൽ, എംഎൽഎമാർക്കു പാർട്ടി പണം നൽകിയിട്ടില്ലെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ പറഞ്ഞു.
അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു ഗുണം ചെയ്യുമെന്നുണ്ടെങ്കിൽ സച്ചിൻ ഒഴികെ 102 എംഎൽഎമാരിൽ ആരെ വേണമെങ്കിലും മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വത്തിനു തീരുമാനിക്കാമെന്ന് ഗെലോട്ട് പറഞ്ഞു. അട്ടിമറി ശ്രമം നടത്തിയ, വഞ്ചകനെന്നു വിളിക്കപ്പെടുന്നയാളെ എംഎൽഎമാർ അംഗീകരിക്കില്ല.

സച്ചിൻ എംഎൽഎമാരോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നു. സച്ചിൻ മാപ്പു പറയാഞ്ഞതിനാലാണ് താൻ സോണിയ ഗാന്ധിയോടു മാപ്പു പറയേണ്ടി വന്നത് – കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടത്താനുള്ള പാർട്ടി നേതൃത്വത്തിന്റെ ശ്രമം തന്റെ പക്ഷത്തുള്ള എംഎൽഎമാർ തടസ്സപ്പെടുത്തിയതിന് മാപ്പു പറഞ്ഞതു സൂചിപ്പിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. എംഎൽഎമാരുടെ നടപടി സച്ചിനെതിരെയുള്ള നീക്കമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

ഭാരത് ജോഡോ യാത്ര അടുത്ത മാസം അഞ്ചിനാണു രാജസ്ഥാനിൽ പ്രവേശിക്കുന്നത്. അതിനു മുൻപ് ഗെലോട്ടിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് സച്ചിൻ പക്ഷ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Ashok Gehlot on Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com