ADVERTISEMENT

മംഗളൂരു/കൊച്ചി ∙ മംഗളൂരു നാഗൂരിയിൽ നടന്ന കുക്കർ ബോംബ് സ്ഫോടന കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 4 അംഗ എൻഐഎ സംഘം പൊലീസിനൊപ്പം ഉണ്ടായിരുന്നു. മംഗളൂരു എസിപി പരമേശ്വർ ഹെഗ്ഡെ കേസ് ഫയൽ ഇന്ന് എൻഐഎയ്ക്ക് കൈമാറും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‍ലാമിക് റെസിസ്റ്റൻസ് കൗൺസിൽ (ഐആർസി) എന്ന സംഘടന രംഗത്ത് വന്നു. ഇന്റർനെറ്റിലെ ഡാർക്ക് വെബിലൂടെ ആണ് ഈ സംഘടന ഉത്തരവാദിത്തം വെളിപ്പെടുത്തിയത്.

മംഗളൂരുവിലെ കദ്രി ക്ഷേത്രത്തിൽ സ്ഫോടനം നടത്താനാണ് തീരുമാനിച്ചിരുന്നതെന്നും ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും പദ്ധതി വിജയമാണ് എന്നും രേഖപ്പെടുത്തിയ കുറിപ്പിൽ പ്രതി മുഹമ്മദ് ഷാരിഖിനെ മുജാഹിദ് സഹോദരൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരാജയമാണ് ഈ സ്ഫോടനം എന്നും കുറിപ്പിൽ പറയുന്നു. എഡിജിപി അലോക് കുമാറിന്റെ പേരും പരാമർശിച്ചിട്ടുണ്ട്.

സഹോദരന്റെ അറസ്റ്റിൽ ആഹ്ലാദിക്കുന്ന എഡിജിപിയെ പോലെ ഉള്ളവരുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കും എന്നാണ് രേഖപ്പെടുത്തിയത്. കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് ഉൾപ്പെട്ട ,ശിവമോഗ്ഗ നദിക്കരയിൽ ചെറു പരീക്ഷണ സ്ഫോടനങ്ങൾ നടത്തിയ കേസ് എൻഐഎ അന്വേഷിക്കുകയാണ്.

അന്വേഷണം വഴിതെറ്റിക്കാൻ ‘അവകാശവാദം’

അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമായും അവകാശവാദത്തെ അന്വേഷണ സംഘം കാണുന്നുണ്ട്. ‘പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരാജയമാണ്’ സ്ഫോടനമെന്ന രഹസ്യ സന്ദേശത്തിലെ പരാമർശമാണു ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്. ഇത്തരം സ്ഫോടനങ്ങളി‍ൽ അവകാശവാദം നടത്തുന്ന സംഘടനകൾ സ്ഫോടനം മറ്റാരുടെയെങ്കിലും പരാജയമായി പൊതുവേ പരാമർശിക്കാറില്ല.

അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തതോടെ യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമായും ഐആർസിയുടെ അവകാശവാദത്തെ വിദഗ്ധർ വിലയിരുത്തുന്നു. എൻഐഎയുടെ കൊച്ചി യൂണിറ്റ് കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി. ഇതിനായി പ്രത്യേക സെൽ കൊച്ചിയിൽ രൂപീകരിച്ചു. സൈബർ കുറ്റാന്വേഷണ വിദഗ്ധരേയും സെല്ലിൽ ഉൾപ്പെടുത്തി.

മംഗളൂരു സ്ഫോടനം ആസൂത്രണം ചെയ്ത പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ തങ്ങാൻ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ലോഡ്ജ് തിരഞ്ഞെടുക്കാനുള്ള കാരണവും പരിശോധിക്കുന്നുണ്ട്. ഒന്നിലധികം തവണ ഷാരിഖ് ഇവിടെ തങ്ങിയിട്ടുണ്ട്. സംശയകരമായ രീതിയിൽ ഇവിടത്തെ വിലാസത്തിൽ കുറിയറുകൾ കൈപ്പറ്റിയിട്ടും ലോഡ്ജിന്റെ നടത്തിപ്പുകാർ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധതിയിൽ പെടുത്തിയിരുന്നില്ല. ഷാരിഖിനു മുറി നൽകുമ്പോൾ ആവശ്യപ്പെടേണ്ടിയിരുന്ന രേഖകളും ചോദിച്ചിരുന്നില്ല. ഇക്കാര്യങ്ങളും എൻഐഎയുടെ അന്വേഷണ പരിധിയിലുണ്ട്.

ഇതിനിടെ, പ്രതി മുഹമ്മദ് ഷാരിഖ് ആലുവയ്ക്കു പുറമേ കൊച്ചിയിലും താമസിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലാണ് 3 ദിവസം താമസിച്ചത്. അതിനു ശേഷമാണ് ആലുവ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ലോഡ്ജിൽ മുറിയെടുത്ത് 5 ദിവസം തങ്ങിയതും കുറിയറിൽ എത്തിയ സാധനങ്ങൾ കൈപ്പറ്റിയതും. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. ഷാരിഖിന്റെ ആലുവ, കൊച്ചി സന്ദർശനങ്ങളുടെ ചുരുളഴിക്കാൻ സഹായകമായ ഫോൺ നമ്പറുകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായാണു വിവരം.

English Summary: Mangaluru Bomb Blast Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com