ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഡൽഹിയിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ ചടങ്ങിലാണ് ഈ വിഷയങ്ങളിൽ അദ്ദേഹം വ്യക്തമായ പരാമർശങ്ങൾ‍ നടത്തിയത്. ബിജെപിക്ക് വോട്ട് നേടിക്കൊടുക്കാൻ കെൽപുള്ള 3 വിഷയങ്ങളും 2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുൻപ് വീണ്ടും സജീവ ചർച്ചയാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

ബിജെപിയുടെ 2019 ലെ പ്രകടന പത്രികയിലെ 3 വിവാദ വിഷയങ്ങളിൽ ഇനിയും നടപ്പായിട്ടില്ലാത്തത് ഏകവ്യക്തി നിയമം എന്ന വാഗ്ദാനമാണ്. അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനു നടപടിയുണ്ടായി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ചെയ്തു. ഏകവ്യക്തി നിയമത്തെപ്പറ്റി പഠിക്കാൻ 22–ാം ലോ കമ്മിഷനോട് ആവശ്യപ്പെടുന്നുവെന്നാണ് നിയമമന്ത്രി കിരൺ റിജിജു അടുത്തിടെ പറഞ്ഞത്. ഏകവ്യക്തി നിയമം നടപ്പാക്കുന്നതിനോട് തത്വത്തിൽ‍ വിയോജിച്ചുകൊണ്ടാണ് 21–ാം ലോ കമ്മിഷൻ ഈ വിഷയത്തിൽ ചർച്ചാ രേഖ പുറത്തുവിട്ടത്. 

ഏകവ്യക്തി നിയമം നടപ്പാക്കുന്നതിന് ശുപാർശകൾ നൽകാൻ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സർക്കാരുകൾ സമിതികളെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് തുറന്നതും ആരോഗ്യകരവുമായ ചർച്ച വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. ആദിവാസി മേഖലകളിൽ ഉയർന്ന എതിർപ്പു കണക്കിലെടുത്ത്, ചർച്ചയിലൂടെ ധാരണയുണ്ടാക്കിയശേഷം മാത്രം മതി നടപടിയെന്നാണ് ആർഎസ്എസ് നിലപാട്. ഇതാണ് ആഭ്യന്തരമന്ത്രി ആവർത്തിച്ചത്. എന്നാൽ, ഏകവ്യക്തി നിയമം നടപ്പാക്കുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നിൽ രണ്ടു സംസ്ഥാനങ്ങളും നടപ്പാക്കിക്കഴിയുമ്പോൾ പാർലമെന്റും നിയമ നിർമാണത്തിനു നിർബന്ധിതമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 

അയോധ്യാ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, ആരാധനാ സ്ഥലങ്ങൾ 1947 ഓഗസ്റ്റ് 15ലെ സ്ഥിതിയിൽ നിലനിർത്തുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ ആരാധനാ സ്ഥല നിയമം. ഇതു ചോദ്യം ചെയ്തുള്ള ഹർജികളിൽ അടുത്ത മാസം 12ന് അകം നിലപാടു പറയാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ നിയമം മാറേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രി സൂചിപ്പിച്ചത്. 

നിയമം ആരാധനാ സ്ഥലങ്ങളുടെ സ്വഭാവം പരിശോധിക്കുന്നതിനു തടസ്സമല്ലെന്ന് ഏതാനും മാസം മുൻപ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരുന്നു. ആരാധനാ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നതു തടയുന്ന നിയമത്തെ വ്യാഖ്യാനിച്ച്, സ്വഭാവം പരിശോധിക്കാൻ നിയമം തടസ്സമല്ലെന്നു കോടതി പറഞ്ഞത് സംഘ പരിവാറിന് സ്വീകാര്യമായ നിലപാടാണ്. നിയമം ഭേദഗതി ചെയ്യാൻ നടപടിയെടുക്കുന്നു എന്നു കേന്ദ്രം കോടതിയോടു വ്യക്തമാക്കുമോയെന്നാണ് കാണേണ്ടത്. 

പൗരത്വത്തിന് മതവും ഘടകമാക്കി പൗരത്വ നിയമം ഭേദഗതി െചയ്തത് 2019 ഡിസംബറിലാണ്. ഇതിനെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗിന്റേതുൾപ്പെടെ 232 ഹർജികൾ നിലവിലുണ്ട്. ഇവ അടുത്ത മാസം 6നു പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഭേദഗതികൾ നടപ്പാക്കില്ലെന്നു സ്വപ്നം കാണുന്നവർക്കു തെറ്റിയെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. കോവിഡ് കാരണം ചട്ട നിർമാണം വൈകിയെന്നാണ് സർക്കാർ നിലപാട്. ചട്ടങ്ങളുണ്ടാക്കാൻ രാജ്യസഭയുടെ സമിതി അടുത്ത മാസം 31വരെയും ലോക്സഭാ സമിതി ജനുവരി 9വരെയും ആഭ്യന്തര മന്ത്രാലയത്തിനു സമയം നീട്ടിനൽകിയിട്ടുണ്ട്. മറ്റൊരു വിവാദ വിഷയമായ ദേശീയ പൗര റജിസ്റ്റർ (എൻപിആർ) ഇപ്പോൾ രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

English Summary: BJP committed to bringing uniform civil code says Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com