ADVERTISEMENT

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ടതോടെ രോഗികൾ ആശങ്കയിൽ. വിവിധ പരിശോധനകളുടെ ഫലം പൂർണമായി നഷ്ടപ്പെട്ടുവെന്നാണു വിവരം. ഇതോടെ ഒട്ടേറെപ്പേരുടെ തുടർചികിത്സ പ്രതിസന്ധിയിലായി. റാൻസംവെയർ ആക്രമണമുണ്ടായി ഏഴാം ദിവസവും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഹാക്ക് ചെയ്തവർ 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണു വിവരം. ഇക്കാര്യം പൊലീസോ എയിംസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.

4 കോടിയോളം രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സെർവർ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു പ്രവർത്തനരഹിതമായത്. മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജസ്റ്റിസുമാർ തുടങ്ങിയ വിഐപികളുടെ ചികിത്സാവിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വാക്സീൻ ഉൾപ്പെടെ വിവിധ മരുന്നുപരീക്ഷണങ്ങളും ഒട്ടേറെ വൈദ്യശാസ്ത്ര ഗവേഷണങ്ങളും എയിംസിലാണു നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള സെർവറാണു ചോർന്നത്. സെർവർ ലഭ്യമല്ലാതായതോടെ ബുധനാഴ്ച മുതൽ ജീവനക്കാർ നേരിട്ട് ഓരോ രോഗിയുടെയും വിവരങ്ങൾ രേഖപ്പെടുത്തുകയാണ്. പരിശോധനാ ഫലങ്ങളും മറ്റും വാങ്ങാൻ ഓരോ വകുപ്പുകളിലും നേരിട്ട് എത്തണമെന്നതാണു സ്ഥിതി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവിടങ്ങളിലെ വിദഗ്ധർ പ്രശ്ന പരിഹാരത്തിനു രംഗത്തുണ്ട്. എയിംസ് ക്യാംപസിലെ ഇന്റർനെറ്റ് സംവിധാനം തൽക്കാലത്തേക്കു തടഞ്ഞുവച്ചിരിക്കുന്നുവെന്നാണു വിവരം. ആകെയുള്ള അയ്യായിരത്തോളം കംപ്യൂട്ടറുകളിൽ 2000 എണ്ണത്തിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ നവീകരിച്ചു. സെർവറിന്റെ സുരക്ഷാ പരിശോധന പുരോഗമിക്കുകയാണെന്നും ഏതാനും ദിവസം കൂടി വേണ്ടിവരുമെന്നുമാണു അധികൃതർ നൽകുന്ന വിവരം.

 

എന്താണ് റാൻസംവെയർ

 

ലോകോത്തര സ്ഥാപനങ്ങളെ വരെ നിശ്ചലമാക്കുന്ന കംപ്യൂട്ടർ വൈറസാണു റാൻസംവെയർ.  റാൻസംവെയർ ആക്രമണം സംഭവിച്ചാൽ ഫയലുകൾ തുറക്കാനേ കഴിയില്ല. 2019 ൽ തിരുവനന്തപുരത്ത് ഒരു കൂട്ടം സിനിമാ പ്രവർത്തകർ ചേർന്നു ലക്ഷങ്ങൾ ചെലവഴിച്ചു ചിത്രീകരിച്ച വിഡിയോകൾ ഹാക് ചെയ്തവർ 70,000 രൂപയാണു ഫയലുകൾ തിരികെ നൽകാൻ ചോദിച്ചത്. കല്യാണ വിഡിയോ ഷൂട്ട് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന കംപ്യൂട്ടറുകളിൽ റാൻസംവെയർ ആക്രമണമുണ്ടായ ഒട്ടേറെ സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്.\

 

English Summary: AIIMS server hacking 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com