‘മോഡൽ’ അല്ലാത്ത കുഗ്രാമം; കണ്ടെയ്നറിൽ വോട്ട്!

gujarat-assembly-election-2022
ഒരു കണ്ടെയ്നർ വോട്ട്! ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഭാരുഛിലെ വിദൂരഗ്രാമമായ ആലിയബേട്ടിൽ കണ്ടെയ്നറിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ടു ചെയ്തു മടങ്ങുന്ന സ്ത്രീകൾ. മുൻകാലങ്ങളിൽ 70 കിലോമീറ്റർ സഞ്ചരിച്ചാണു ഗ്രാമവാസികൾ വോട്ട് ചെയ്തിരുന്നത്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
SHARE

ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷനെങ്കിലും അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ബറൂച്ച് ജില്ലയിലെ വാഗ്ര മണ്ഡലത്തിലെ ആലിയബേട്ട് ഗ്രാമവാസികൾ. ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയമായ കണ്ടെയ്നറിൽ പോളിങ് ബൂത്തൊരുക്കിക്കൊടുത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ 70 കിലോമീറ്ററോളം വന്നിരുന്ന അവരുടെ വോട്ടുയാത്രക്ക് വിരാമമിട്ടു. ഒരു വികസനവുമെത്താത്ത ഗ്രാമത്തിൽ തിരഞ്ഞെടുപ്പിനെങ്കിലും ‘ഗുജറാത്ത് മോഡലാ’യി അതു മാറി. 

217 വോട്ടുകളാണിവിടെയുള്ളത്. റോഡുകളില്ലാത്ത ഗ്രാമത്തിലേക്കുള്ള ഏക പ്രവേശന മാർഗം തൊട്ടടുത്ത ചെക്ക് ഡാം നിർമാണത്തിന് തയാറാക്കിയ മൺപാത മാത്രം. അതുണ്ടാക്കുന്നതിനു മുൻപ് പുഴ കടന്നും ചതുപ്പിലൂടെയുമായിരുന്നു യാത്ര. 

പട്ടിക വിഭാഗത്തിൽപ്പെട്ട മുസ്‌ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ആലിയബേട്ടിൽ ഇത്രകാലമായിട്ടും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളൊന്നുമില്ലാത്തതിനാൽ 70 കിലോമീറ്റർ യാത്ര ചെയ്ത് ബാഡ്ഭൂത്തിലെത്തി വേണമായിരുന്നു വോട്ടു ചെയ്യാൻ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറിയ കണ്ടെയ്നറിൽ വോട്ടിങ് ഏർപ്പെടുത്തിയത് വിജയമായിരുന്നു. ഇത്തവണ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയം പ്രവർത്തിക്കുന്ന കണ്ടെയ്നർ തന്നെ ബൂത്താക്കി മാറ്റി. 

വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഈ ഗ്രാമത്തിൽ 170ലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് ഗ്രാമമുഖ്യനായ മുഹമ്മദ് ഭായ് ജാട്ട് ‘മനോരമ’യോടു പറഞ്ഞു. 200 വർഷത്തിലേറെയായി ഈ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഇതൊരു ഗ്രാമമായി ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. കാലിവളർത്തലാണ് പ്രധാന വരുമാനമാർഗം. 

സോളർ ബാറ്ററികളുപയോഗിച്ചാണ് ഗ്രാമവാസികൾ മൊബൈൽ ഫോണുകൾ റീ ചാർജ് ചെയ്യുന്നത്. കണ്ടെയ്നറും ഷീറ്റു കൊണ്ടു നിർമിച്ച മസ്ജിദുമല്ലാതെ മറ്റൊരു ഉറച്ച കെട്ടിടവും ഗ്രാമത്തിലില്ല. 

സ്കൂളിലെ അധ്യാപകൻ വിനോദ് പാർമർ താമസിക്കുന്ന ഷെഡ്ഡിലാണ് തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും തലചായ്ച്ചത്. ഭക്ഷണം ഗ്രാമവാസികൾ ഉണ്ടാക്കിക്കൊടുത്തു. 10 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽനിന്ന് വിലകൊടുത്തു വാങ്ങുന്ന വെള്ളം ട്രാക്ടറിലെത്തിച്ചാണ് ഉപയോഗിക്കുന്നത്. പരിസരത്തെ വനമേഖലയാണ് ശൗചാലയം. തൊട്ടടുത്താണ് കോടികൾ ചെലവിട്ടു ബാഡ്ഭൂത്ത് ചെക്ക് ഡാം നിർമാണം നടക്കുന്നത്. അതിനായി വൈദ്യുതി ലൈൻ വലിച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിലാർക്കും കൊടുത്തിട്ടില്ല. 

Content Highlight: Gujarat Assembly Election 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.